
കാസർകോട്: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പിടിച്ചെടുത്ത 1 ലക്ഷത്തിൽ അധികം രൂപ വില വരുന്ന പാൻപരാഗ് അടക്കമുള്ള നിരോധിത ലഹരി വസ്തുക്കൾ കാണാതായിട്ട് ദിവസങ്ങൾ പിന്നിടുകയാണ്. നഗരസഭയുടെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പാൻമസാല ശേഖരമാണ് മോഷണം പോയത്. മോഷണ വിവരം സെക്രട്ടറിക്ക് അറിഞ്ഞിട്ടും ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. ഇതാണ് ഇപ്പോൾ നഗരസഭയിൽ ചർച്ച വിഷയം.
പാൻമസാല മോഷണം നടത്തിയവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കമ്മ്യൂണിറ്റി കിച്ചനെതിരെ വ്യാജ പ്രചാരണം നടത്തിയത് എന്നാണ് പറയുന്നത്. നഗരസഭ കെട്ടിടത്തോട് ചേർന്ന് നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന കുടുംബശ്രീ കഫേയിൽ അനധികൃതമായി എണ്ണ പലഹാരങ്ങൾ ഉണ്ടാക്കി പണം സമ്പാദിക്കുന്നു എന്നതായിരുന്നു ആരോപണം. ഈ ആരോപണം വ്യാജമാണെന്ന് പകൽപോലെ തെളിഞ്ഞു. സംഭവം തെറ്റിദ്ധരിപ്പിച്ചതാണെന്നും വനിതാ ജനപ്രതിനിധികളെ അപമാനിക്കാൻ ബുർഹാൻ അബ്ദുല്ല ഉണ്ടാക്കിയ വ്യാജ പ്രചരണമായിരുന്നു സംഭവമെന്നും കുടുംബശ്രീയും പറഞ്ഞു. ഇത്തരം സംഭവങ്ങൾ എതിർക്കപ്പെടേണ്ടതാണെന്നും കുടുംബശ്രീ അംഗങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.
പാൻപരാഗ് മോഷണ വിഷയത്തിൽ നിലപാട് കടുപ്പിക്കുകയാണ് ഭരണ സമിതി. മോഷണ വിഷയത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ചെയർപേഴ്സൺ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ സെക്രട്ടറി കഴിഞ്ഞ ദിവസം വരെ പരാതി നൽകിയിട്ടില്ല. ഇതിനെ മുസ്ലിം ലീഗ് കാസർകോട് മുനിസിപ്പൽ കമ്മിറ്റിയും ചോദ്യം ചെയ്തു. അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറിക്ക് ദിവസങ്ങൾക്ക് മുമ്പ് തന്നെ കത്ത് നൽകിയിരുന്നു. ഇതിൽ നടപടി കൈകൊള്ളാത്തതിലാണ് ലീഗിനെ ചൊടിപ്പിച്ചത്. പാൻപരാഗ് മോഷണം മറച്ചു വെക്കാനാണോ കമ്മ്യൂണിറ്റി കിച്ചൻ വിവാദം ഉണ്ടാക്കിയതെന്നാണ് ലീഗ് ഇപ്പോൾ ചോദിക്കുന്നത്. നഗര സഭയിലെ ചില ഉദ്യോഗസ്ഥർ ചേർന്ന് ചിലരുടെ സഹായത്തോടെ ബുർഹാൻ അബ്ദുല്ലയെ കൂട്ട്പിടിച്ച് നടത്തുന്ന നാടകമാകാം ഇതെന്നാണ് പറയുന്നത്. മുസ്ലിം ലീഗ് ഭരണ സമിതിയെ താറടിച്ച് കാണിക്കാൻ ബുർഹാൻ അബ്ദുല്ല ശ്രമിക്കുന്നതും ഇതിൻ്റെ ഭാഗമാണെന്നാണ് മുസ്ലിം ലീഗ് കാസർകോട് മുനിസിപ്പൽ സെക്രട്ടറി ഖാലിദ് പച്ചക്കാട് പറയുന്നത്.
നഗരസഭയിലെ ചില ഉദ്യോഗസ്ഥൻമാരുടെ നീക്കങ്ങൾ സംശയിക്കേണ്ടിയിരിക്കുന്നു. നഗരസഭ സെക്രട്ടറി പോലീസിൽ പരാതി നൽകുന്നതിന് പകരം വകുപ്പ് തല അന്വോഷണം നടത്തുകയാണുണ്ടായത്. ഇത് എന്തിന് വേണ്ടിയായിരുന്നു. ആരെ രക്ഷിക്കാനായിരുന്നു. മോഷണം നടന്നതായി തെളിഞ്ഞാൽ ഉടൻ പോലീസിൽ പരാതി നൽകുകയാണ് വേണ്ടത്. അല്ലാതെ പല കാരണങ്ങൾ പറഞ്ഞ് നീട്ടികൊണ്ട് പോകുന്നത് ശരിയല്ല. മോഷ്ട്ടാവ് ആരാണെന്ന് സെക്രട്ടറിക്ക് അറിയം എന്നാണ് പറഞ്ഞു കേൾക്കുന്നത്. സെക്രട്ടറിക്ക് വേണ്ടപെട്ടവൻ മോഷ്ടിച്ചാൽ കള്ളൻ കള്ളനല്ലാതെയാകുമോ..? സെക്രട്ടറിയും ബുർഹാനുമായുള്ള ബന്ധവും ബുർഹാൻ നടത്തിയ വ്യാജ പ്രചരണവും എല്ലാം കൂട്ടിവായിക്കുമ്പോൾ പാൻമസാല മോഷണത്തിൽ പ്രതികളെ രക്ഷിക്കാൻ അണിയറയിൽ നീക്കങ്ങൾ നടക്കുന്നതായി സംശയിക്കുന്നതായും ഖാലിദ് പച്ചക്കാട് പറഞ്ഞു.
