മാധ്യമ പ്രവർത്തകർ എന്ന വ്യാജേനെ പ്രസ് ഗാലറിയിൽ ഇരുന്ന രണ്ടുപേർക്ക് മുട്ടൻ പണി; കാസർകോട് നഗരസഭയിൽ ശുദ്ധികലശം തുടങ്ങിയോ.? കൗൺസിൽ യോഗത്തിൽ ബഹളം; പിന്നീട് സംഭവിച്ചത്

You are currently viewing മാധ്യമ പ്രവർത്തകർ എന്ന വ്യാജേനെ പ്രസ് ഗാലറിയിൽ ഇരുന്ന രണ്ടുപേർക്ക് മുട്ടൻ പണി; കാസർകോട് നഗരസഭയിൽ ശുദ്ധികലശം തുടങ്ങിയോ.? കൗൺസിൽ യോഗത്തിൽ ബഹളം; പിന്നീട് സംഭവിച്ചത്

കാസർകോട്: ഏറെ നാളത്തെ വിവാദങ്ങൾക്കൊടുവിൽ കാസർകോട് നഗരസഭയിൽ കൗൺസിൽ യോഗം ചേർന്നു. കഴിഞ്ഞ 19 ന് ചേരാനിരുന്ന യോഗമാണ് ഒരാഴ്ച്ചക്ക് ശേഷം വ്യാഴാഴ്ച രാവിലെ 11 മണിയോടെ ചേർന്നത്. യോഗത്തിൽ ആദ്യം തന്നെ മാധ്യമപ്രവർത്തകർക്കിടയിൽ ശുദ്ധികലശം നടത്തിയത് അസാധാരണ സംഭവമായി മാറി. മാധ്യമ പ്രവർത്തകർ എന്ന വ്യാജേനെ ഹാളിൽ കയറി പ്രസ് ഗാലറിയിൽ ഇരുന്നവർ മാറണം എന്ന് മുസ്ലിം ലീഗ് കൗൺസിലർ ഹമീദ് ബെദിര ആവശ്യപ്പെട്ടു.

ഇതോടെ ക്യാമറയെ ഭരണസമിതി അംഗങ്ങൾ ഭയക്കുന്നു എന്ന വാദവുമായി ബി.ജെ.പി കൗൺസിലർ രമേശൻ രംഗത്ത് വന്നു. ഇത് അൽപ നേരത്തേക്ക് തർക്കത്തിന് വഴിവെച്ചു. അംഗീകൃത മാധ്യമ പ്രവർത്തകർക്കും പ്രസ് ക്ലബ് കാർഡ് ഉള്ളവർക്കും പ്രസ് ഗാലറിയിൽ ഇരിക്കാമെന്നും വീഡിയോ പകർത്താമെന്നും ഭരണ സമിതി അംഗം ഹമീദ് ബെദിര തീരുമാനത്തിൽ ഉറച്ചു നിന്നു. അല്ലാത്തവർ സന്ദർശകരുടെ ഇരിപ്പിടത്തിലേക്ക് മാറണമെന്നതായിരുന്നു ആവശ്യം. ഇതിനെ ഭൂരിഭാഗം അംഗങ്ങളും പിന്തുണച്ചു.

ഇതോടെ മാധ്യമ പ്രവർത്തകർ ഇരിക്കുന്ന ഇരിപ്പിടത്തിൽ നിന്നും രണ്ടുപേർക്ക് മാറേണ്ടിവന്നു. സ്വയം മാധ്യമ പ്രവർത്തകൻ എന്ന് പറഞ്ഞു നടക്കുന്ന സോഷ്യൽ മീഡിയ പ്രവർത്തകനും അദ്ദേഹത്തിൻ്റെ കൂടെയുള്ള യുവതിയുമാണ് പ്രസ് ഗാലറിയിൽ നിന്നും മാറി സന്ദർശകരുടെ സീറ്റിൽ ഇരുന്നത്.

ശേഷമായിരുന്നു കൗൺസിൽ യോഗത്തിൽ അജണ്ടകൾ ചർച്ചക്ക് വെച്ചത്. പാൻമസാല മോഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വാക് പോര് നടന്നു. മുൻ കൗൺസിൽ യോഗങ്ങളിൽ നിന്നും വ്യത്യസ്തമായാണ് ഇത്തവണ നഗരസഭയിൽ യോഗ നടപടികൾ തുടർന്നത്. പാൻമസാല മോഷണത്തിൽ കള്ളൻ കപ്പലിൽ തന്നെയെന്ന് ഭരണ സമിതി അംഗം വി.എം മുനീർ പറഞ്ഞു. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. ഭരണസമിതി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ചില ഉദ്യോഗസ്ഥർ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും അതിന് ചില പ്രതിപക്ഷ അംഗങ്ങൾ കൂട്ട് നിൽക്കുന്നതായും അദ്ദേഹം ആരോപിച്ചു.

0Shares