ബി.ബി.എ വിദ്യാർത്ഥിയുടെ ദാരുണ മരണത്തിൽ കാസർകോട് ദുഃഖസാന്ദ്രം; തൃശൂരിൽ ട്രെയിൻ അപകടത്തിൽ വിടവാങ്ങിയത് പ്രിയങ്കരനായ വിദ്യാർത്ഥി നേതാവ്

You are currently viewing ബി.ബി.എ വിദ്യാർത്ഥിയുടെ ദാരുണ മരണത്തിൽ കാസർകോട് ദുഃഖസാന്ദ്രം; തൃശൂരിൽ ട്രെയിൻ അപകടത്തിൽ വിടവാങ്ങിയത് പ്രിയങ്കരനായ വിദ്യാർത്ഥി നേതാവ്

കാസർകോട് / തൃശൂര്‍: ട്രെയിന്‍ അപകടത്തില്‍ കാസർകോട് ചെര്‍ക്കള സ്വദേശി ദാരുണമായി മരിച്ച സംഭവം നാടിനെ ദുഖത്തിലാക്കി. ചെര്‍ക്കളയിലെ മുഹമ്മദ് തായലിൻ്റെ മകനും മലബാര്‍ ഇസ്‌ലാമിക് കോളജ് ബി.ബി.എ വിദ്യാര്‍ഥിയുമായ ബാസിത്ത് തായല്‍ (20) ആണ് അപകടത്തിൽ മരിച്ചത്.

എം.എസ്.എഫ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ട്, സുന്നി ബാല വേദി (എസ്‌.ബി.വി) ജില്ലാ പ്രസിഡണ്ട്, എന്നീ മേഖലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ബാസിത് നാട്ടുകാർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു. ബാസിത്ത് നാടിൻ്റെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗം കൂടിയായിരുന്നു.

മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്‌ച പുലര്‍ച്ചെ ആറ് മണിയോടെ ചെര്‍ക്കള മുഹ്‌യുദ്ദീന്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. പുലര്‍ച്ചെ 1.15 ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഈ സമയത്തും ബാസിത്തിനെ അവസാനായി ഒരു നോക്കുകാണാന്‍ നൂറുകണക്കിന് ആളുകള്‍ എത്തിയിരുന്നു.

എറണാകുളത്ത് നിന്ന് കാസര്‍കോട്ടേക്ക് വരുന്നതിനിടെ ചാലക്കുടിയില്‍ വെച്ച് ബാസിത്തിൻ്റെ മൊബൈല്‍ ഫോണ്‍ ട്രാക്കില്‍ വീണിരുന്നു. തൃശൂരില്‍ ഇറങ്ങിയ ശേഷം ബാസിത്തും സുഹൃത്തുക്കളും മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ വേണ്ടി ഇരിങ്ങാലക്കുട കല്ലട്ടുംകരയില്‍ എത്തി ഫോണ്‍ തിരയുന്നതിനിടെയാണ് ബാസിത്തിനെ ട്രെയിൻ തട്ടിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്.

ഹസീന ചെമ്മനാട് മാതാവാണ്. അജ്‌നാസ് (എഞ്ചിനീയറിംഗ് വിദ്യാര്‍ഥി), മിന്‍ഷാന, ഫാത്തിമത്ത് ഹനാന എന്നിവർ സഹോദരങ്ങളാണ്. വിദ്യാർത്ഥിയുടെ അപ്രതീക്ഷിത അപകട മരണം നാടിനെ കണ്ണീരിലാഴ്‌ത്തി. നിരവധി പേരാണ് മൃതദേഹം ഒരുനോക്ക് കാണാൻ എത്തിച്ചേർന്നത്.

0Shares