
കാസർകോട്: ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബജറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായി ഇക്കണോമിക് റിവ്യൂ നടത്താറുണ്ടെങ്കിലും രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലയില്‍ സാമ്പത്തിക റിവ്യൂ നടത്തുന്നതെന്ന് കേന്ദ്ര സര്‍വ്വകലാശാല പൊളിറ്റിക്സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗം പ്രൊഫസര്‍ എം.എസ് ജോണ്‍ പറഞ്ഞു.

ഇത്തരമൊരു ആശയവുമായി ജില്ലാ പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ വളരെ വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും സര്‍വ്വകലാശാല നിരവധി പഠനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പ്രവര്‍ത്തിച്ചു വരുന്ന നാടുമായി ചേര്‍ന്നു നില്‍ക്കുന്ന പഠനമെന്ന മുന്‍തൂക്കം ഇതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് വികസന പാക്കേജ് പോലുള്ള ഫണ്ടുകളുടെ വിനിയോഗത്തിൻ്റെ സാമ്പത്തിക പഠനം നടത്തി, പ്രാഥമിക ദ്വിതീയ വിവരങ്ങള്‍ ശേഖരിച്ച് ജില്ലയുടെ വികസന സംബന്ധമായ വിവിധ വിവരങ്ങള്‍ സര്‍വ്വകലാശാല മുന്‍കൈയെടുത്ത് പഠനം നടത്തും. സര്‍വ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്രം, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ആരോഗ്യം, വിദ്യാഭ്യാസം, സോഷ്യല്‍ വര്‍ക്ക്, ജിയോളജി തുടങ്ങി വിവിധ വിഭാഗങ്ങള്‍ സംയുക്തമായാണ് പഠനം നടത്തുന്നത്.
സാമ്പത്തിക റിവ്യൂവിനൊപ്പം മനുഷ്യ വിഭവ വികസനം സംബന്ധിച്ച വിവരങ്ങളും പഠിക്കും. കേന്ദ്ര സര്‍വ്വകലാശാലയോടൊപ്പം ജില്ലയിലെ സാമ്പത്തിക വിദഗ്ധരും കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ റിസോഴ്സ് പേര്‍സണ്‍സും പഠനത്തിനത്തോട് സഹകരിക്കുമെന്നും ഒന്‍പത് മാസം കൊണ്ട് പൂര്‍ത്തീകരിക്കുന്ന പഠന വിവരങ്ങള്‍ ആസൂത്രണ പ്രക്രിയയ്ക്ക് വളരെ ഉപകരിക്കുമെന്നും പ്രൊഫസര്‍ ജോണ്‍ പറഞ്ഞു.
