
കാസർകോട്: ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി മാര്‍ച്ച് 15നകം ജില്ലയിലെ 600 കേന്ദ്രങ്ങള്‍ കൂടി മാലിന്യരഹിത പ്രദേശമാക്കാന്‍ ഹരിതകേരളം മിഷന്‍ ജില്ലാ എകോപന സമിതി യോഗം തീരുമാനിച്ചു. 2023 ജനുവരി 26 മുതല്‍ 30 വരെ നടന്ന പൊതുയിട ശുചീകരണ കാമ്പയിനില്‍ 38 ഗ്രാമ പഞ്ചായത്തുകളും മൂന്നു മുനിസിപ്പാലിറ്റികളും ചേര്‍ന്ന് 254 പ്രദേശങ്ങള്‍ ശുചീകരിച്ചു.
4156 പ്രവര്‍ത്തകര്‍ 60000 ല്‍ അധികം ചതുരശ്ര മീറ്റര്‍ ശുചീകരിച്ച് 73335 കിലോ പാഴ്വസ്തുക്കള്‍ നീക്കം ചെയ്തു. മംഗല്‍പ്പാടിയില്‍ നിന്നു മാത്രം 60 ടണ്‍ നീക്കം ചെയ്തു. ഒരു വാര്‍ഡില്‍ ഒന്നു വീതം ക്ലസ്റ്ററുകളില്‍ സമ്പൂര്‍ണ്ണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടമായി ഏപ്രില്‍ 15നകം പൂര്‍ത്തിയാക്കാനുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കി. ജില്ലയിലെ 550 പൊതു സ്ഥാപനങ്ങള്‍ മെയ് 30നകം വൃത്തിയുള്ളവയാക്കി ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കണം.

സര്‍ക്കാരിൻ്റെ നൂറു ദിന കര്‍മ്മ പദ്ധതിയില്‍ ശുചിത്വ രംഗത്തെ ഇടപെടലുകളില്‍ ഉള്‍പ്പെട്ടതാണ് ഇവ. നവകേരളം മിഷന്‍ ജില്ലാ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍.എസ്.ജി.ഡി ജോയന്റ് ഡയറക്ടര്‍ ജയ്‌സണ്‍ മാത്യു അധ്യക്ഷനായി. നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത്, എല്‍.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.ഹരിദാസ്, എ.ഡി.സി ജനറല്‍ ഫിലിപ്പ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു
