കാസര്‍കോടും മലപ്പുറത്തും മുങ്ങിമരണം; ഒമ്പത് ദിവസത്തിനിടെ സംസ്ഥാനത്ത് 13 പേർ മുങ്ങി മരിച്ചു

You are currently viewing കാസര്‍കോടും മലപ്പുറത്തും മുങ്ങിമരണം; ഒമ്പത് ദിവസത്തിനിടെ സംസ്ഥാനത്ത് 13 പേർ മുങ്ങി മരിച്ചു

കാസർകോട് / തിരുവനന്തപുരം: കാസർകോട്, കുമ്പള, മാവിനങ്കട്ട സ്വദേശി സൈനുദ്ധീൻ്റെ മകൻ സിനാൻ (22) മുങ്ങിമരിച്ചു. ബന്തിയോട് കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ പതിമൂന്ന് പേരാണ് വിവിധ ഇടങ്ങളിലായി മുങ്ങിമരിച്ചത്.

ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയും മുങ്ങിമരിച്ചു. പത്തനാപുരം സ്വദേശി കൊന്നാലത്ത് റഷീദിൻ്റെ മകൻ അനീസ് ഫവാസ് (12) ആണ് മരിച്ചത്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് ചാലിയാർ പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയത് ആയിരുന്നു വിദ്യാർത്ഥി.

അനീസ് ഫവാസ് മുങ്ങുന്നത് കണ്ട് മറ്റ് കുട്ടികൾ നിലവിളിച്ചത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. അരീക്കോട് പോലീസ്, മുക്കം അഗ്നിരക്ഷാ നിലയം, എടവണ്ണ ഇആർഎഫ് സംഘവും തിരച്ചിലിനായി എത്തി. നീണ്ട തിരച്ചിലിന് ഒടുവിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

സെപ്റ്റംബർ പത്തിന് മലപ്പുറം ചങ്ങരംകുളത്ത് പാടശേഖരത്തിൽ അമ്മയും മകളും മുങ്ങിമരിച്ചിരുന്നു. കുന്നംകുളം കാണിപ്പയ്യൂർ സ്വദേശികളായ അമ്പലത്തിങ്ങൽ ഷൈനിയും (40) മകൾ ആശ്ചര്യയും (12) ആണ് മരിച്ചത്. സെപ്റ്റംബർ പത്തിനായിരുന്നു അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞ് മൂന്ന് പേർ മരിച്ചത്. പ്ലസ് ടു വിദ്യാർഥി ചെന്നിത്തല സ്വദേശി ആദിത്യൻ(17), ബിനീഷ്, രാഗേഷ് എന്നിവരാണ് മരിച്ചത്. സെപ്റ്റംബർ പതിനഞ്ചിന് വയനാട് അമ്പലവയൽ വികാസ് കോളനിയിലെ ക്വാറിക്കുളത്തില്‍ വീണ് യുവതി മുങ്ങിമരിച്ചിരുന്നു. ചീങ്ങേരി കോളനി പതിവയല്‍ രാജൻ്റെയും റാണിയുടെയും മകള്‍ പ്രവീണ (20) ആണ് മരിച്ചത്.

ഇടുക്കിയിൽ ഇരുപത്തിനാല് മണിക്കൂറിനിടയിൽ നാല് പേരാണ് മുങ്ങിമരിച്ചത്. സെപ്റ്റംബർ പതിനാറിന് വൈകിട്ട് വൈകിട്ട് കാമാക്ഷി അമ്പലമേടിൽ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചിരുന്നു. ഇതിനുശേഷം ഞായറാഴ്‌ച കാഞ്ഞാറിൽ മലങ്കര ജലാശയത്തിൽ കാലുതെന്നി വീണ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചത്. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ്, ചങ്ങനാശേരി സ്വദേശി അമൻ ഷാബു എന്നിവരാണ് മരിച്ചത്. സുഹൃത്തിന്‍റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം.

ഞായറാഴ്‌ച കളമശ്ശേരിയിൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കുന്നംകുളം കണിയാമ്പൽ നെടിയെടുത്ത് രാജൻ്റെ മകൻ ഉജ്ജ്വൽ (23) ആണ് മുങ്ങി മരിച്ചത്. കളമശേരി മറ്റക്കാട് തെരീക്കുളത്തിൽ ശനിയാഴ്‌ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സംസ്ഥാനത്ത് മുങ്ങിമരണം വർദ്ധിക്കുന്നതായി അഗ്നിരക്ഷാസേനയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു ദിവസം ശരാശരി മൂന്നുപേർ സംസ്ഥാനത്ത് മുങ്ങി മരിക്കുന്നതായാണ് അഗ്നിരക്ഷാസേനയുടെ കണക്ക്.

0Shares