പി. എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി; ആനുകൂല്യങ്ങള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു; കാസർകോട് ജില്ലയിൽ അര്‍ഹരായ 9 കുട്ടികള്‍ വെര്‍ച്വല്‍ സംവിധാനത്തിലൂടെ പങ്കെടുത്തു

  • Post category:local news / news
  • Reading time:2 mins read
You are currently viewing പി. എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി; ആനുകൂല്യങ്ങള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു;  കാസർകോട്  ജില്ലയിൽ  അര്‍ഹരായ 9 കുട്ടികള്‍ വെര്‍ച്വല്‍ സംവിധാനത്തിലൂടെ പങ്കെടുത്തു

പി. എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി; ആനുകൂല്യങ്ങള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു; കാസർകോട് ജില്ലയില്‍ അര്‍ഹരായ 9 കുട്ടികള്‍ വെര്‍ച്വല്‍ സംവിധാനത്തിലൂടെ പങ്കെടുത്തു

കാസർകോട്: കൊവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പി. എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിതരണം ചെയ്തു. കോവിഡ് -19 സമയത്ത് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ആളുകളുടെ സാഹചര്യം എത്ര ബുദ്ധിമുട്ടാണെന്നും മഹാമാരിയുടെ സമയത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കായുള്ളതാണ് ഈ പരിപാടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടമായ കുട്ടികളോട് ഒരു രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളുടെ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, പോഷണം തുടങ്ങി സമഗ്ര മേഖലകളിലും പി.എം കെയറിലൂടെ പരിരക്ഷ ലഭിക്കുമെന്നും പ്രതിമാസം 4000 രൂപയും വിദ്യാഭ്യാസ വായ്പാ സൗകര്യവും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രതിമാസ സ്റ്റൈപെന്റും നല്‍കുന്നുണ്ട്. നിലവില്‍ 18 പൂര്‍ത്തിയായവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സിലൂടെ അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി 10 ലക്ഷം രൂപ നല്‍കി.

18 വയസ്സ് തികയാത്ത കുട്ടികള്‍ക്ക് ഗഡുക്കളായി തുക നല്‍കും. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ പ്ലസ് ടു വരെ സൗജന്യ വിദ്യാഭ്യാസം നല്‍കും. അതോടൊപ്പം കേന്ദ്ര സര്‍ക്കാറിൻ്റെ വിവിധ പദ്ധതികളില്‍ ഇവരെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ സമഗ്രമായ പരിചരണവും സംരക്ഷണവും സുസ്ഥിരമായ രീതിയില്‍ ഉറപ്പാക്കുക, അവര്‍ക്ക് താമസം, വിദ്യാഭ്യാസം, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയിലൂടെ അവരെ ശാക്തീകരിക്കുക, സാമ്പത്തികമായി സ്വയംപര്യാപ്തമായ നിലനില്‍പ്പിന് അവരെ സജ്ജമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

കുട്ടികളെ രജിസ്റ്റര്‍ ചെയ്യുന്നതിനായി സര്‍ക്കാര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു. കുട്ടികള്‍ക്കുള്ള അംഗീകാര പ്രക്രിയയും മറ്റ് എല്ലാ സഹായങ്ങളും സുഗമമാക്കുന്ന ഒരു ഏകജാലക സംവിധാനമാണ് പോര്‍ട്ടല്‍. പോര്‍ട്ടലിൻ്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പ്രധാന മന്ത്രി നിര്‍വ്വഹിച്ചു. കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, എം.എല്‍.എമാര്‍ അര്‍ഹരായ കുട്ടികള്‍ തുടങ്ങിയവര്‍ വെര്‍ച്വല്‍ സംവിധാനത്തില്‍ പരിപാടിയില്‍ പങ്കെടുത്തു.

കാസർകോട് ജില്ലയില്‍ അര്‍ഹരായ ഒമ്പത് കുട്ടികളില്‍ കുഞ്ചത്തൂര്‍ സ്വദേശി കെ. ആയിഷയാണ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പരിപാടിയില്‍ പങ്കെടുത്തത്. ബാക്കിയുള്ളവര്‍ 18 വയസിന് താഴെയായതിനാല്‍ കേന്ദ്ര സര്‍ക്കാരിൻ്റെ പ്രത്യേക നിര്‍ദേശാനുസരണം പ്രത്യേകം സജ്ജീകരിച്ച റൂമില്‍ വെബ്കാസ്റ്റ് മുഖാന്തിരം പരിപാടിക്ക് സാക്ഷ്യം വഹിച്ചു. വിദ്യാര്‍ത്ഥികളായ കുട്ടികള്‍ക്ക് പഠന സ്‌കോളര്‍ഷിപ്പ്, പി.എം കെയേഴ്‌സ് ഫോര്‍ സ്‌കീമിൻ്റെ പാസ്ബുക്ക്, ആയുഷ്മാന്‍ ഭാരത് – പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന ഹെല്‍ത്ത് കാര്‍ഡ് (അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് നല്‍കുന്നത്), സമ്മാന്‍പത്ര, കുട്ടികളുടെ പേരെഴുതിയ പ്രധാനമന്ത്രിയുടെ കത്ത് എന്നിവ അടങ്ങിയ കിറ്റ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വിതരണം ചെയ്തു.

ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി.എ ബിന്ദു, ചെല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഡി.സി.പി.യു കെ. ഷുഹൈബ്, പോസ്റ്റല്‍ സൂപ്രണ്ട് വി.ശാരദ, ജില്ലാ വനിതാശിശുവികസന ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ടി.സത്യവതി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

0Shares