
ചെർക്കള (കാസറഗോഡ്): ജാതി- മത രാഷ്ട്രീയ ഭേതമന്യേ എല്ലാവരെയും ചേർത്തുനിർത്തി ഒരുക്കിയ സമൂഹ നോമ്പ് തുറ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കർഷകശ്രീ മിൽക്ക് മാനേജ്‌മെന്റ്റ് ഒരുക്കിയ സമൂഹ നോമ്പ് തുറയാണ് എതിർത്തോട് അൽബിർ സ്കൂൾ പരിസരത്ത് സംസ്ഥാനപാതയോട് ചേർന്ന് നടന്നത്. ചെർക്കള ബദിയടുക്ക സംസ്ഥാനപാതയോട് ചേർന്നുള്ള ഈ സമൂഹ നോമ്പുതുറയിൽ പങ്കാളികളാവാൻ നാടിൻ്റെ നാനാ ഭാഗത്തുനിന്നും നിരവധി ആളുകൾ എത്തിയിരുന്നു. എല്ലാവർക്കും ഇരിപ്പിടം ഒരുക്കി സമൃദ്ധമായ നോമ്പ് വിഭവങ്ങൾ നിരത്തിയുമുള്ള നോമ്പ് തുറയിൽ നിരവധി പേർ പങ്കടുത്തു.
വിശിഷ്ട അതിഥികളായി മുസ്ലിം, ഹിന്ദു, ക്രൈസ്തവ പണ്ഡിതരും ചടങ്ങിൽ പങ്കടുത്തു. രാഷ്ട്രീയ മേഖലയിൽ നിന്നും കാസറഗോഡ് MLA എൻ.എ നെല്ലിക്കുന്ന്, കാഞ്ഞങ്ങാട് MLA ഇ ചന്ദ്രശേഖരൻ തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും പങ്കാളികളായി. ഗൾഫ് നാടുകളിൽ നടക്കുന്ന യുദ്ധ ഭീതിയും പ്രവാസികളുടെ ആശങ്കയും അകറ്റാൻ എല്ലാവരും പ്രാർത്ഥിക്കണമെന്ന് സന്ദേശം നൽകിയായിരുന്നു ഓരോരുത്തരുടെയും പ്രസംഗം. നോമ്പ് തുറയിൽ പങ്കടുത്ത എല്ലാവർക്കും ഭക്ഷണ പൊതിയും കൈമാറിയിരുന്നു സംഘാടകർ. ഇത് നാലാം തവണയാണ് സമൂഹ നോമ്പ് തുറ സംഘടിപ്പിക്കുന്നതെന്ന് കർഷകശ്രീ ഡയറക്ടർ ഡോ. ഇ അബ്ദുള്ള കുഞ്ഞി പറഞ്ഞു.
