കര്‍ണാടക തെരഞ്ഞെടുപ്പ്; വോട്ടർമാർ പോളിംഗ് ബൂത്തിൽ, വീണ്ടും തൂക്കുസഭ വരുമെന്ന് പ്രവചനങ്ങൾ

  • Post category:national / news
  • Reading time:1 min read
You are currently viewing കര്‍ണാടക തെരഞ്ഞെടുപ്പ്; വോട്ടർമാർ പോളിംഗ് ബൂത്തിൽ, വീണ്ടും തൂക്കുസഭ വരുമെന്ന് പ്രവചനങ്ങൾ

ബംഗളൂരു: നീണ്ട രാഷ്ട്രീയ യുദ്ധങ്ങള്‍ക്കും പ്രചാരണ പോരിനും ശേഷം കർണാടക വോട്ടർമാർ പോളിംഗ് ബൂത്തിൽ. 224 നിയമസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ആരംഭിച്ചു. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെയുള്ള 5.2 കോടി വോട്ടർമാരാണ് സംസ്ഥാനം ആരു ഭരിക്കുമെന്ന് നിശ്ചയിക്കുക. വിജയം ഉറപ്പെന്ന് ബി.ജെ.പിയും കോൺഗ്രസുംആവർത്തിക്കുമ്പോൾ ജെ.ഡി.എസിൻ്റെ.പ്രകടനവും നിർണായകം ആകും.

അവസാന പാദത്തിലും സര്‍വേകള്‍ ചൂണ്ടിക്കാണിക്കുന്നത് കര്‍ണാടകത്തില്‍ ബി.ജെ.പി വീഴുമെന്നാണ്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകില്ലെന്നും വലിയ ഒറ്റക്കക്ഷിയായി കോണ്‍ഗ്രസ് വരുമെന്നും ചില മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നു.

കേവല ഭൂരിപക്ഷമായ 113 സീറ്റ് കിട്ടിയാലും കോണ്‍ഗ്രസിന് ഭരിക്കാനാകുമോയെന്ന ഭയം പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കുവച്ചിട്ടുണ്ട്. സര്‍ക്കാരിനെതിരായ ജനവികാരമുള്ളതിനാല്‍ ഭരണനേട്ടം ചര്‍ച്ചയാക്കാന്‍ ബി.ജെ.പി തയ്യാറായിട്ടില്ല. നിശ്ശബ്‌ദ പ്രചാരണം നടന്ന ചൊവ്വാഴ്‌ച വീടുകളില്‍ ‘ഹനുമാന്‍ ചാലിസ’ നടത്താനായിരുന്നു ബി.ജെ.പി ശ്രദ്ധ കാണിച്ചത്.

ആടിനില്‍ക്കും മണ്ഡലങ്ങള്‍ നിര്‍ണായകം

കര്‍ണാടകത്തില്‍ ഒറ്റയ്ക്ക് ഭരിക്കാമെന്ന പാര്‍ടികളുടെ മോഹങ്ങളെ തകിടം മറിക്കുന്നത് എങ്ങോട്ടും മറിയാവുന്ന മണ്ഡലങ്ങള്‍. 2018ല്‍ 24 മണ്ഡലത്തില്‍ ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെയാണ്. ഇതില്‍ നാലിടത്ത് കോണ്‍ഗ്രസ് ജയിച്ചത് 1000 വോട്ട് ഭൂരിപക്ഷത്തിലും. മസ്‌കി, പാവഗഡാ, കുണ്ഡ്ഗോള്‍, അലന്ത്, ഹിരെകെരൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം 700 വോട്ടും. 74 സ്ഥാനാര്‍ഥികള്‍ ജയിച്ചത് 10,000ല്‍ താഴെ ഭൂരിപക്ഷം നേടിയാണ്. സ്വതന്ത്രര്‍, അപരന്മാര്‍, പ്രാദേശിക പാര്‍ടികള്‍ തുടങ്ങിയവരുണ്ടാക്കുന്ന വെല്ലുവിളി ഇവിടങ്ങളില്‍ വലുതാണ്. ഭരണവിരുദ്ധ വികാര വോട്ടുകള്‍ ഇത്തരത്തില്‍ ഭിന്നിച്ചു പോകുമോയെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.

പണമൊഴുകുന്നു; കര്‍ണാടകത്തില്‍ പിടിച്ചെടുത്തത് 375 കോടി

ബുധനാഴ്‌ച തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ നിന്ന് എന്‍ഫോഴ്സ്മെണ്ട് സംഘങ്ങള്‍ പിടിച്ചെടുത്തത് പണമടക്കം 375 കോടി രൂപയുടെ വസ്തുക്കള്‍. മദ്യവും മയക്കുമരുന്നും ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കാന്‍ കരുതിയ വസ്തുക്കളും പിടിച്ചെടുത്തു. 2018ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 4.5 മടങ്ങ് അധികമാണ് ഇത്തവണ പിടിച്ചെടുത്ത വസ്തുക്കള്‍. മാര്‍ച്ച്‌ 29ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ദിവസം 288 കോടി രൂപയുടെ ആസ്തി വകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്.

0Shares