ജനങ്ങളെ ‘കരുതലോ’ടെ ചേര്‍ത്ത് പിടിച്ച് കാറഡുക്ക ബ്ലോക്ക്: ഡയാലിസിസ് സെന്റര്‍ ഡിസംബര്‍ ഒന്നിന് തുറക്കും

  • Post category:health / local news
  • Reading time:1 min read
You are currently viewing ജനങ്ങളെ ‘കരുതലോ’ടെ ചേര്‍ത്ത് പിടിച്ച് കാറഡുക്ക ബ്ലോക്ക്:  ഡയാലിസിസ് സെന്റര്‍ ഡിസംബര്‍ ഒന്നിന് തുറക്കും

കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും കര്‍ഷകരും കൂടുതലായി അധിവസിക്കുന്ന കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെട്ട ഏഴ് പഞ്ചായത്തുകളിലെ വൃക്ക രോഗികള്‍ക്ക് സൗജന്യമായും ചെലവ് കുറഞ്ഞ രീതിയിലും ഡയാലിസിസ് സംവിധാനം സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മുളിയാര്‍ സി.എച്ച്.സിയില്‍ സജ്ജമാക്കിയ ഡയാലിസിസ് യൂണിറ്റ് ‘കരുതല്‍’ ഡിസംബര്‍ ഒന്നിന് പ്രവര്‍ത്തനമാരംഭിക്കും. രാവിലെ ഒമ്പതിന് നടക്കുന്ന പ്രവര്‍ത്തനോദ്ഘാടന പരിപാടിയില്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു എന്നിവരും മറ്റ് ജന പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമൻ്റെ പ്രദേശിക വികസനഫണ്ടില്‍ നിന്ന് അനുവദിച്ച 50 ലക്ഷം രൂപയും കാസര്‍കോട് വികസന പാക്കേജില്‍ നിന്നും അനുവദിച്ച 52 ലക്ഷവും, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് 45 ലക്ഷം രൂപയും വകയിരുത്തിയാണ് യൂണിറ്റ് നിര്‍മ്മിച്ചത്. മുന്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറാണ് കെട്ടിടോദ്ഘാടനം നിര്‍വ്വഹിച്ചത്.

മുളിയാര്‍ സി.എച്ച്സിയില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജ് നബാര്‍ഡ് പദ്ധതിയില്‍ നിര്‍മ്മിച്ച കെട്ടിടത്തിൻ്റെ താഴത്തെ നിലയിലാണ് സയാലിസിസ് യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പെടുന്ന മുളിയാര്‍, കാറഡുക്ക, ദേലംപാടി, ബേഡകം, കുറ്റിക്കോല്‍, ബെള്ളൂര്‍, കുമ്പഡാജെ പഞ്ചായത്തുകളിലായി 54 രോഗികളാണ് ഡയാലിസിസിന് അപേക്ഷിച്ചിട്ടുള്ളത്.

അപേക്ഷിച്ചവരുടെ വീടുകളില്‍ ചെന്ന് വിദഗ്ധ സംഘം പരിശോധന നടത്തി, ഏറ്റവും കൂടുതല്‍ പരിഗണന അര്‍ഹിക്കുന്ന 24 പേരെ ആദ്യഘട്ടത്തില്‍ ഡയാലിസിസിനായി തെരഞ്ഞെടുത്തിട്ടുണ്ട്. തുടര്‍ന്ന് രണ്ടും, മൂന്നും ഷിഫ്റ്റുകളിലായി മുഴുവന്‍ രോഗികള്‍ക്കും ഡയാലിസിസിൻ്റെ പ്രയോജനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. യൂണിറ്റിൻ്റെ തുടര്‍ പ്രവര്‍ത്തനത്തിന് ഒരുമാസം ഒമ്പത് ലക്ഷത്തിലധികം രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.

ഡയാലിസിസ് കേന്ദ്രത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന തുക ത്രിതലപഞ്ചായത്തുകള്‍ പദ്ധതിയിനത്തില്‍ മാറ്റി വെച്ച തുകയും, ജനങ്ങളില്‍ നിന്നും, സംഘടനകളില്‍ നിന്നും ലഭിക്കുന്ന സംഭാവനയും ഉപയോഗപ്പെടുത്തി കണ്ടെത്തും. നിലവില്‍ തൃക്കരിപ്പൂര്‍, മഞ്ചേശ്വരം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാസര്‍കോട്, പരപ്പ ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിലും ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

0Shares