
കാറഡുക്ക, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകൾ ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്ന കേരളത്തിലെ ആദ്യ ബ്ലോക്കുകളായി അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ പ്രഖ്യാപിച്ചു. വിവരസാങ്കേതിക വിദ്യയുടെ കാലഘട്ടത്തിൽ സർക്കാർ സംവിധാനങ്ങൾ സുതാര്യമായും കൃത്യതയോടെയും വേഗത്തിലും പ്രവർത്തിക്കുന്നതിനും ജനങ്ങളിലേക്ക് സേവനങ്ങൾ എത്തിക്കുന്നതിനും ഇ- ഓഫീസുകളിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സെക്രട്ടറിയേറ്റ്, നിയമസഭാ, എം.എൽ.എ മാരുടെ പ്രവർത്തനങ്ങൾ എല്ലാം ഡിജിറ്റലൈസ് ചെയ്യപ്പെട്ടു കഴിഞ്ഞുവെന്നും ഇനി താഴെത്തട്ടിലേക്കുള്ള പ്രവർത്തനങ്ങൾകൂടി ഇ ഫയലുകളാകുന്നതോടെ കാര്യക്ഷമമായി സർക്കാർ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിക്കുമെന്നും എം.എൽ.എ പറഞ്ഞു. സംസ്ഥാനതലത്തിൽ തന്നെ ആദ്യമായി ഇഓഫീസുകളാകുന്ന കാറഡുക്ക, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകളിലെ ജന പ്രതിനിധികളെയും നേട്ടം കൈവരിക്കുന്നതിനായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ അധ്യക്ഷനായി. ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാനതലത്തിൽ തന്നെ ആദ്യമായി ഈ നേട്ടം കൈവരിച്ചതിലൂടെ കാസർകോട് ഒരിക്കലും ഒരു പിന്നോക്ക ജില്ലയല്ലെന്ന് നാം വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് കളക്ടർ പറഞ്ഞു.
ഗ്രാമവികസന കമ്മീഷണർ വി.ആർ വിനോദ് മുഖ്യാതിഥിയായി. അഡീഷണൽ ഡവലപ്പ്മെന്റ് കമ്മീഷണർ വി.എസ്. സന്തോഷ് കുമാർ, ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രൊജക്ട് ഡയറക്ടർ കെ. പ്രദീപൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചർ എന്നിവർ സംസാരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു സ്വാഗതവും ജില്ലാ അസിസ്റ്റന്റ് ഡവലപ്പ്മെന്റ് കമ്മീഷണർ നിഫി. എസ്.ഹക്ക് നന്ദിയും പറഞ്ഞു.
ഒരു മാസക്കാലത്തിനുള്ളിൽ ജില്ലയിലെ മറ്റ് നാല് ബ്ലോക്ക് പഞ്ചായത്തുകൾകൂടി ഇ- ഓഫീസ് സൗകര്യത്തിലേക്ക് മാറി ഈ മേഖലയിൽ സമ്പൂർണ നേട്ടം കൈ വരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
