
കെ.ജി.എഫിനു ശേഷം കന്നഡയില്‍ നിന്ന് അത്ഭുത വിജയം നേടിയിരിക്കുകയാണ് റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താരാ’ . ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം കര്‍ണാടകത്തില്‍ വന്‍ വിജയം നേടിയതിനെത്തുടര്‍ന്ന് മലയാളത്തിലുള്‍പ്പെടെ പരിഭാഷാ പതിപ്പുകള്‍ റിലീസിന് ഒരുങ്ങുകയാണ്.
കര്‍ണാടകത്തില്‍ നിന്ന് ചിത്രം ഇതുവരെ നേടിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം 11 ദിവസം കൊണ്ട് കര്‍ണാടകത്തില്‍ നിന്ന് 58- 60 കോടി വരെ നേടിയതായാണ് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാം തിങ്കളാഴ്ചയിലെ കളക്ഷന്‍ റിലീസ് ദിനത്തേതിനേക്കാള്‍ മുകളിലാണെന്ന് ആന്ധ്ര ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. കെ.ജി.എഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
