കാസർഗോഡ് നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക ട്രസ്റ്റിൻ്റെ ഭാവഭാരതി പുരസ്കാരം 2024 പ്രമുഖ പ്രവാസി വ്യവസായി നസീർ വെളിയിലിന് സമർപ്പിച്ചു

  • Post category:local news
  • Reading time:2 mins read
You are currently viewing കാസർഗോഡ് നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക ട്രസ്റ്റിൻ്റെ ഭാവഭാരതി പുരസ്കാരം 2024 പ്രമുഖ പ്രവാസി വ്യവസായി നസീർ വെളിയിലിന് സമർപ്പിച്ചു

കാസറഗോഡ്: കാസർഗോഡ് നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക ട്രസ്റ്റിൻ്റെ ഭാവഭാരതി പുരസ്കാരം 2024 പ്രമുഖ പ്രവാസി വ്യവസായി നസീർ വെളിയിലിന് സമർപ്പിച്ചു. ദേശീയവും അന്തർദേശീയവുമായ തലങ്ങളിൽ ഓട്ടിസം ബാധിച്ച കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മനുഷ്യസ്നേഹിയും സാമൂഹിക–സാംസ്കാരിക കലാപരിപോഷക പ്രവർത്തനവുമാണ് നസീർ വെളിയലിനെ അവാർഡിന് തെരഞ്ഞെടുത്തത്. വിവിധ മേഖലകളിലായി അദ്ദേഹം നൽകിയ ശ്രദ്ധേയമായ സംഭാവനകൾ ഏറെ പ്രശംസാർഹമാണ്. ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ്റെ 2024-ലെ പ്രവാസി ഭാരതീയ പുരസ്കാരം, 2025-ലെ സി. കേശവൻ സ്മാരക പുരസ്കാരം എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കണ്ണൻ പാട്ടാളി ആശാൻ ഒരു ദേശത്തിന് തന്നെ മാതൃകയായ കലാ–സാംസ്കാരിക വ്യക്തിത്വമായിരുന്നുവെന്നും, അദ്ദേഹത്തിൻ്റെ സ്മരണയിൽ ആരംഭിച്ച ഈ മഹത്തായ സംരംഭം ഇന്ന് സംസ്ഥാനത്തിനും രാജ്യത്തിനും മാതൃകയായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോകുകയാണെന്നും നസീർ വെളിയിൽ അഭിപ്രായപ്പെട്ടു. ഈ കൂട്ടായ്മയുടെ ഭാഗമാകാൻ കഴിഞ്ഞത് തനിക്കൊരു നിയോഗം പോലെ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ നസീർ വെളിയിൽ, ഇംഗ്ലണ്ടിലെ ഹാംപ്ഷയർ സർവകലാശാലയിൽ നിന്ന് എം.ബി.എ ബിരുദവും, ഇൻഡോറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് അഡ്വാൻസ്ഡ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

ബിസിനസിനൊപ്പം സാമൂഹിക–സാംസ്കാരിക പ്രവർത്തനങ്ങളെയും നിത്യജീവിതത്തിൻ്റെ ഭാഗമാക്കി കാണുന്ന നസീർ വെളിയിലിന്, സമഗ്ര സംഭാവനകൾക്കുള്ള അംഗീകാരമായി ഭാവഭാരതി പുരസ്കാരം 2024 നൽകുന്നതിൽ ട്രസ്റ്റിന് അതിയായ അഭിമാനമുണ്ടെന്ന് ട്രസ്റ്റ് ചെയർമാൻ ഡോ. എ.എം ശ്രീധരൻ പറഞ്ഞു. തുളുനാടിൻ്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന രീതിയിൽ തലപ്പാവ് അണിയിച്ചും ഷാൾ അണിയിച്ചും ആദരപത്രം നൽകി. ശില്പി സുരേന്ദ്രൻ കൂക്കാനം തയ്യാറാക്കിയ ശില്പം സമർപ്പിച്ചുമാണ് ട്രസ്റ്റ് നസീർ വെളിയിലിനെ ആദരിച്ചത്. കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ്, അരവത്ത്, കർണാടക ബോർഡർ ഏരിയ ഡെവലപ്മെന്റ് അതോറിറ്റി (ബെംഗളൂരു), കർണാടക ജനപദ പരിഷത്ത് (ബെംഗളൂരു) കേരള ബോർഡർ യൂണിറ്റ്, കന്നഡ വികസന അതോറിറ്റി, കർണാടക സർക്കാർ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടന്ന പരിപാടി ഉദുമ MLA സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം മുഖ്യാതിഥിയായിരുന്നു. കർണാടക മിനിമം വേതന അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എം. ഷഹീദ് പുരസ്കാര സമർപ്പണം നടത്തി. കർണാടക ജനപദ രത്ന പ്രശസ്തി (ബെംഗളൂരു) ചെയർമാനും ഹംപി സർവകലാശാലയുടെ മുൻ വൈസ് ചാൻസലറുമായ പ്രൊഫ. ഹി.ചി ബോറലിംഗയ്യ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയർമാൻ ഡോ. എ.എം ശ്രീധരൻ, സംഘാടക സമിതി ചെയർമാൻ പി.വി. ഭാസ്കരൻ, ഡോ. മല്ലികാർജുന എസ്.നാസി, പ്രദീപ് കുമാർ കൊഡിയാൽ ബയൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

0Shares