എം.കെ വിജയനെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുത്തു; നാലിനെതിരെ 8 വോട്ടുകൾ നേടി; കെ.മണികണ്ഠൻ രാജിവച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡണ്ട്

You are currently viewing എം.കെ വിജയനെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുത്തു; നാലിനെതിരെ 8 വോട്ടുകൾ നേടി; കെ.മണികണ്ഠൻ രാജിവച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡണ്ട്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി എം.കെ വിജയനെ തെരഞ്ഞെടുത്തു. കെ. മണികണ്ഠൻ രാജിവച്ചതിനെ തുടർന്നാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കേണ്ടി വന്നത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ എം.കെ. ബാബുരാജ് നേടിയ 4 വോട്ടിനെതിരെ 8 വോട്ടുകൾ നേടിയാണ് വിജയൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് എത്തിയത്. കാഞ്ഞങ്ങാട് ആർ.ഡി.ഒ യുടെ ചാർജ് വഹിക്കുന്ന കാസർഗോഡ് ആർ.ഡി.ഒ ബിനു ജോസഫ് വരണാധികാരിയായി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഫല പ്രഖ്യാപനത്തിന് ശേഷം സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റടുത്തു. ഉദുമ ഡിവിഷനിലെ മെമ്പറായ വിജയൻ ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. മുൻ പ്രസിഡണ്ട് കെ.മണികണ്ഠൻ എം.കെ വിജയനെ ഷാൾ അണിയിച്ച് ഭരണസമിതി അംഗങ്ങൾക്കൊപ്പം അനുമോദിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.ശ്രീലത ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം.കെ. ബാബുരാജ്, എം.അബ്ദുൽ റഹിമാൻ, എ.ദാമോദരൻ, ലക്ഷ്മി തമ്പാൻ, വി.ഗീത, ഷക്കീല ബഷീർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഹരികൃഷ്ണൻ മുതിയക്കാൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇനിയുള്ള ചുരുങ്ങിയ നാളുകളിൽ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന് എം.കെ. വിജയൻ പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുത്ത വിജയനെ അഭിനന്ദിക്കാൻ മുൻ എം.എൽ.എയും എൽ.ഡി.എഫ് നേതാവുമായ കെ.പി. സതീഷ് ചന്ദ്രനും എത്തിയിരുന്നു. പാർട്ടി തീരുമാനപ്രകാരമാണ് വിജയൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയതെന്ന് സതീഷ് ചന്ദ്രൻ പറഞ്ഞു. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്മോഹൻ, ജില്ലാ കമ്മിറ്റി അംഗം പി.കെ. നിഷാന്ത് എന്നിവരും സന്നിഹിതരായിരുന്നു.

0Shares