
കാസർകോട്: ലോക ജല ദിനത്തിൻ്റെ ഭാഗമായി ജില്ലയില്‍ ജലബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ബ്ലോക്കെന്ന നേട്ടത്തിനായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിക്കുന്ന ജലസഭയില്‍ ജല ബജറ്റ് റിപ്പോര്‍ട്ടില്‍ നിന്നും ജലസുരക്ഷാ പ്ലാനിലേക്ക് പദ്ധതി തയ്യാറാക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ ശേഖരിക്കും.
അജാനൂര്‍, മടിക്കൈ, പുല്ലൂര്‍-പെരിയ, പള്ളിക്കര, ഉദുമ പഞ്ചായത്തുകളില്‍ തയ്യാറാക്കിയ ജല ബജറ്റിൻ്റെ ക്രോഡീകൃത റിപ്പോര്‍ട്ടാണ് ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ ജല ബജറ്റ്. ഹരിത കേരളം മിഷന്‍ നേതൃത്വത്തില്‍ കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം ( സി.ഡബ്ല്യു.ആര്‍.ഡി.എം) ആണ് സാങ്കേതിക സഹായം നല്‍കുന്നത്. മടിക്കൈ പഞ്ചായത്തിലെ എരിക്കുളത്തും പുല്ലൂര്‍ പെരിയയിലെ കല്ല്യോട്ടുമുള്ള ജലസേചനവകുപ്പിൻ്റെ ഹൈഡ്രോളജി റയിന്‍ ഗേജുകളില്‍ നിന്നും ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് ആഫീസില്‍ നിന്നും റെയിന്‍ ഗേജിലെ പത്ത് വര്‍ഷത്തെ പ്രതിദിന മഴ ലഭ്യത കണക്ക് ശേഖരിച്ചാണ് ജലലഭ്യത കണ്ടെത്തിയിട്ടുള്ളത്.
ഒപ്പം ഓരോ പഞ്ചായത്തിലെയും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും കൃഷി, പക്ഷി മൃഗാദികള്‍ എന്നിവയ്ക്കുള്ള ആവശ്യവും വാണിജ്യ വ്യവസായ, ഇതര സ്ഥാപന ആവശ്യങ്ങളും കണ്ടെത്തിയാണ് ജല ഉപയോഗം ക്രമപ്പെടുത്തിയിട്ടുള്ളത്. ജലലഭ്യതയും ജല വിനിയോഗവും തമ്മിലുള്ള പത്ത് ജലവര്‍ഷങ്ങളിലെ പ്രതിദിന അന്തരം കണക്കാക്കിയാണ് ജല ബജറ്റ് നിശ്ചയിക്കുന്നത്. ജലസഭയിലൂടെ ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് ജല സംരക്ഷണത്തിനും ജലസുരക്ഷക്കുമുള്ള പദ്ധതികള്‍ തയ്യാറാക്കലാണ് ലക്ഷ്യം.

ജലബജറ്റിൻ്റെ പ്രസക്തി
കേരളത്തില്‍ പ്രാദേശികതലത്തില്‍ കൃഷിക്കും കുടിവെള്ളത്തിനുമായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ജലലഭ്യത ഉറപ്പാക്കിയെങ്കില്‍ മാത്രമേ ഈ പദ്ധതികള്‍ വിജയിക്കുകയുള്ളു. വേനല്‍ക്കാലത്ത് മഞ്ഞുരുകി വെള്ളം ലഭ്യമാകുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി മഴയില്‍ക്കൂടി മാത്രമാണ് കേരളത്തില്‍ വെള്ളം ലഭ്യമാകുന്നുള്ളൂ.
മഴയില്‍ നിന്നും ലഭിക്കുന്ന ജലം ഉപരിതല നീരൊഴുക്കായും ഭൂജലമായും ഉപയോഗത്തിന് ലഭ്യമാകുന്നു. ഓരോ പ്രദേശത്തും കുടിവെള്ളത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കും വ്യാവസായങ്ങള്‍ക്കും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ജലം ആവശ്യമാണ്.
ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടത്ര ജലലഭ്യത ഉറപ്പാക്കാന്‍ ജലമേഖലയില്‍ വിവിധ ഇടപെടലുകള്‍ ആവശ്യമായി വരും. ഇതിനു സഹായകരമായ അടിസ്ഥാന രേഖയാണ് ജലബജറ്റ് വിഭാവനം ചെയ്യുന്നത്. കൂടുതല്‍ പ്രദേശത്ത് കൃഷി ആരംഭിക്കുന്നതിനുള്ള ഇടപെടലുകള്‍ തീരുമാനിക്കുന്നതിനും ജല ബഡ്ജറ്റ് സഹായകരമാകും.
