
(സ്പെഷ്യൽ റിപ്പോർട്ട്) കാസറഗോഡ്: മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ അധ്യക്ഷൻ കല്ലട്ര മാഹിൻ ഹാജി സ്വകാര്യ ചാനൽ പ്രവർത്തകരോട് നടത്തിയ പ്രസ്താവന ലീഗിന് തലവേദയാകുന്നു. വിഷയം ഏറ്റടുത്ത് ബി.ജെ.പി രംഗത്ത് വന്നതാണ് രാഷ്ട്രീയ ചർച്ചക്ക് വഴിതുറന്നത്. കാസറഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ വിജയിച്ചത് ഇടത് വോട്ട് നെടിയാണെന്ന പ്രസ്താവനയാണ് ബി.ജെ.പിക്ക് ഗുണകരമായി മാറിയത്. ഓരോ തെരഞ്ഞെടുപ്പ് ഘട്ടത്തിലും ബി.ജെ.പി ഉന്നയിക്കുന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ് മുസ്ലിം ലീഗ് അധ്യക്ഷൻ സംസാരിച്ചത്. ഇതോടെ ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ വിശയം ഏറ്റടുത്ത് രംഗത്ത് വന്നു. കല്ലട്ര മാഹിൻ ഹാജിക്ക് നന്ദി അറിയിച്ച് കെ സുരേന്ദ്രൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടു. മുൻ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഉണ്ടായ തിരിച്ചടിയും സുരേന്ദ്രൻ ഓർമ്മപ്പെടുത്തി.

സംഭവം കാസറഗോഡ് ജില്ലയിലെ മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. ലീഗ് അധ്യക്ഷൻ തന്നെ പാർട്ടിക്ക് ദോഷകരമാകുന്ന പ്രസ്താവന നടത്തുന്നത് തെരഞ്ഞെടുപ്പ് സമയങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അണികൾ സൂചിപ്പിക്കുന്നു. മാത്രമല്ല കാസറഗോഡ് നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള വ്യക്തി ആയിരുന്നിട്ടും അദ്ദേഹത്തിൻ്റെ പ്രസ്താവന അപക്വമായി തോന്നി. അത്തരം പരാമർശങ്ങൾ ഒഴിവാക്കണമായിരുന്നു. ലീഗിന് ഇടത് ഒരുകാലത്തും വോട്ട് നൽകിയിട്ടില്ല എന്നും അണികൾ ഓർമിപ്പിക്കുന്നു. മതേതര വിശ്വാസികളുടെയും യു.ഡി.എഫിൻ്റെയും ഉറച്ച വോട്ടുകളാണ് എന്നും ലീഗിൻ്റെ കരുത്ത്. ഇടത് നേതൃത്വം എന്നും അവരുടെ വോട്ടുകൾ കൃത്യമായി പെട്ടിയിലാക്കിയിട്ടുണ്ടെന്ന് ജില്ലയിലെ മറ്റു ലീഗ് നേതാക്കളും സൂചിപ്പിച്ചു. എന്നാൽ ലീഗ് അധ്യക്ഷനെതിരെ പരസ്യ പ്രസ്താവനക്ക് ലീഗ് നേതാക്കൾ തയ്യാറായില്ല.

മഞ്ചേശ്വരത്ത് ബി.ജെ.പി കെ.സുരേന്ദ്രനെ വീണ്ടും സ്ഥാനാർത്ഥിയാക്കാനാണ് സാധ്യത. മാഹിൻ ഹാജിയുടെ പ്രസ്താവന കെ സുരേന്ദ്രൻ ഏറ്റടുത്തതും അതിൻ്റെ ഭാഗമായാണ്. വരും ദിവസങ്ങളിൽ കെ.സുരേന്ദ്രൻ കാസറഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ സജീവമാകുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
