
കൊച്ചി: കളമശ്ശേരി ബോംബ് സ്‌ഫോടനത്തിൽ ഒരു സ്ത്രീ കൂടി മരിച്ചു. തൊടുപുഴ സ്വദേശിനി കുമാരി (53) ആണ് മരിച്ചത്. ഇവരുടെ വൃക്കയ്‌ക്ക് ഗുരുതരമായി പൊള്ളലേറ്റതാണ് മരണകാരണമെന്ന് ഡോക്ടർമാർ വെളിപ്പെടുത്തി. ഇവരുടെ സഹോദരനും പൊള്ളലേറ്റു ഗുരുതരാവസ്ഥയിലാണ്. പന്ത്രണ്ട് വസുള്ള ഒരു കുട്ടിയുടെ ആരോഗ്യ സ്ഥിതിയും ഗുരുതരമായി തുടരുന്നു എന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ. 36 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യഹോവ സാക്ഷി സഭാംഗമായ ഡൊമനിക് മാർട്ടിൻ എന്ന തമ്മനം സ്വദേശി സ്വമേധയാ പൊലീസിൽ കീഴടങ്ങി. ഫെയ്‌സ്‌ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് കൊടകര സ്റ്റേഷനിൽ കീഴടങ്ങിയത്. ഇയാൾക്കെതിരെ യു.എ.പി.എ ചുമത്തി അന്വേഷണം ഊർജിതമാക്കി. സ്ഫോടന സമയത്ത് വേഗതയിൽ ഓടിച്ചുപോയ കാർ ആരുടെതാണെന്നും അന്വേഷണം നടക്കുന്നുണ്ട്.

യഹോവ സാക്ഷികൾ ദേശവിരുദ്ധ പ്രവർത്തനമാണ് നടത്തുന്നതെന്നും സഭയ്ക്കുള്ളിലെ തർക്കമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും ഡൊമനിക് മാർട്ടിൻ പറയുന്നു. യോഗം നടക്കുന്ന സ്ഥലത്ത് രാവിലെ 9.40ന് എത്തിയ മാർട്ടിൻ ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചതായാണ് സൂചന.
സ്ഫോടനം നടത്തിയത് ഇയാൾ തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതർ പറഞ്ഞു. ഡൊമനിക് മാർട്ടിനെ അൽപസമയത്തിനകം സ്ഫോടനം നടന്ന സാമ്ര കൺവൻഷൻ സെൻ്റെറിലെത്തിക്കുമെന്നാണ് സൂചന.
ആറ് മാസം ഇൻ്റെർനെറ്റിൽ നോക്കി പഠിച്ചാണ് സ്ഫോടക വസ്തു ഉണ്ടാക്കിയതെന്നാണ് ഇയാളുടെ മൊഴി. മാർട്ടിൻ സ്ഫോടക വസ്തുക്കള്‍ വാങ്ങിയ കടകളെ കുറിച്ചും വിവരം ലഭിച്ചു. ഇയാള്‍ക്ക് ഐ.ഇ.ഡി എവിടെ നിന്ന് കിട്ടിയെന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണമെന്നാണ് ഫേസ് ബുക്ക് വീഡിയോയിൽ മാർട്ടിൻ അവകാശപ്പെടുന്നത്. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണ് സ്ഫോടനം നടത്തിയതെന്നും പറയുന്നുണ്ട്.
