
കൊച്ചി: മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകൻ പ്രൊഫ. ടി ജെ ജോസഫിൻ്റെ കൈവെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദ് മഞ്ചേശ്വരത്തെ പാവപ്പെട്ട വീട്ടിൽ നിന്നും വിവാഹം കഴിച്ചത് അനാഥനെന്ന് പറഞ്ഞ്. പെൺകുട്ടിയുടെ പിതാവിനെ ദക്ഷിണ കന്നഡയിലെ ആരാധനാലയത്തിൽ പരിചയപ്പെട്ടതാണ് വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നും എൻ.ഐ.എ വൃത്തങ്ങൾ പറയുന്നു.
വിവാഹ പ്രായം എത്തിയ പെൺമക്കളുടെ പിതാവായിരുന്നു മഞ്ചേശ്വരം സ്വദേശി. താൻ അനാഥനാണെന്ന് സവാദ് പറഞ്ഞതോടെ ഇദ്ദേഹം മൂത്ത മകളെ വിവാഹം ചെയ്‌തു കൊടുക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം മാത്രമേ സവാദ് മഞ്ചേശ്വരത്തെ യുവതിയുടെ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ജോലി ചെയ്യുന്ന സ്ഥലത്ത് വാടക വീടെടുത്ത് അവിടേക്ക് ഭാര്യയെയും കൂട്ടി പോകുകയായിരുന്നു.

ഒരിടത്ത് തന്നെ കൂടുതൽ കാലം താമസിക്കാതെ പല സ്ഥലങ്ങളിലായി മാറി ജോലി നോക്കുകയായിരുന്നു സവാദിൻ്റെ രീതി. ഇടയ്ക്കിടെ മാത്രമേ ഭാര്യാ വീട്ടിൽ എത്താറുണ്ടായിരുന്നുള്ളു എന്നും കൈവെട്ട് കേസിലെ പ്രതിയായിരുന്നു സവാദെന്ന് ഒരു ഘട്ടത്തിലും അറിഞ്ഞിരുന്നില്ലെന്നും ആണ് ഭാര്യാ വീട്ടുകാർ കേസ് അന്വേഷിക്കുന്ന എൻ.ഐ.എ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
2016ലായിരുന്നു സവാദമായുള്ള യുവതിയുടെ നിക്കാഹ് നടന്നത്. ഈ ബന്ധത്തിൽ നാലും ഒമ്പത് മാസവും (പായമുള്ള രണ്ട് മക്കളാണ് ഉള്ളത്. ഒരു വർഷത്തിൽ അധികമായി സവാദ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസിച്ചത് കണ്ണൂരിലെ ഒരു വാടകവീട്ടിലാണ്.
ഷാജഹാൻ എന്ന പേരിൽ മരപ്പണിക്കാരൻ ആയിട്ടായിരുന്നു സവാദ് കഴിഞ്ഞിരുന്നത്. നാട്ടുകാരുമായി അടുത്ത് ഇടപഴകിയിരുന്നില്ല. ചൊവ്വാഴ്‌ച അർധരാത്രിയാണ് പത്തിലധികം എൻ.ഐ.എ ഉദ്യോഗസ്ഥർ വീട്ടിലെത്തി സവാദിനെ പിടികൂടിയത്.

കൈവെട്ട് കേസിലെ ഒന്നാം പ്രതി സവാദ് തന്നെയാണോ തൻ്റെ മകളെ വിവാഹം കഴിച്ചതെന്ന് ഇപ്പോഴും വിശ്വസിക്കാൻ ഭാര്യ വീട്ടുകാർക്ക് ആകുന്നില്ലെന്നും എൻ.ഐ.എ ഉദ്യോഗസ്ഥർ പുലർച്ചെ പിടികൂടി കൊണ്ടു പോയപ്പോഴാണ് കഥ അറിയുന്നതെന്നുമാണ് ബന്ധുക്കൾ പറയുന്നത്. റിയാസ് എന്നയാളുടെ സംഘത്തിൽ മരപ്പണിക്കാരനായി പല സ്ഥലങ്ങളിലായി ഇയാൾ പണിയെടുത്തിട്ടുണ്ട് എന്നാണ് വിവരം.
നിർണായകമായത് ഇളയകുഞ്ഞിൻ്റെ സർട്ടിഫിക്കറ്റിലെ പേര്
സവാദിനെ പിടികൂടുന്നതില്‍ നിര്‍ണായകമായത് ഇളയകുഞ്ഞിൻ്റെ ജനന സർട്ടിഫിക്കറ്റിലെ വിവരം എന്ന് റിപ്പോര്‍ട്ട്. ഷാജഹാന്‍ എന്ന പേരില്‍ കണ്ണൂരിലെ മട്ടന്നൂര്‍ ബേരത്ത് മരപ്പണി ചെയ്‌താണ് സവാദ് ഒളിവിൽ കഴിഞ്ഞിരുന്നത്. എല്ലായിടത്തും ഷാജഹാന്‍ എന്ന പേരാണ് നല്‍കിയിരുന്നത്. എന്നാല്‍ മട്ടന്നൂര്‍ നഗരസഭയില്‍ നിന്ന് നല്‍കിയ കുഞ്ഞിൻ്റെ ജനന രേഖയില്‍ സവാദ് എന്ന പേരാണ് നല്‍കിയിരുന്നതെന്നും ഇതാണ് പ്രതിയെ കുടുക്കാന്‍ എന്‍.ഐ.എയ്ക്ക് സഹായകമായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഒളിവില്‍ കഴിയാന്‍ സവാദിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വീട് വാടകയ്ക്ക് എടുത്ത് നല്‍കാനും മരപ്പണി ഏര്‍പ്പാടാക്കി കൊടുക്കാനും മറ്റുള്ളവരുടെ സഹായം സവാദിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. എട്ടുവര്‍ഷം മുമ്പാണ് സവാദ് വിവാഹം കഴിച്ചത്. വിവാഹം കഴിച്ച ശേഷമാണ് പ്രതി കണ്ണൂരില്‍ വന്നത്. മൂന്നിടങ്ങളിലായാണ് ഒളിവില്‍ കഴിഞ്ഞത്. വളപ്പട്ടണം, വിളക്കോട്, ബേരത്ത് എന്നിവിടങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞതെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
വാടക വീട് എടുത്തപ്പോള്‍ നല്‍കിയത് ഭാര്യയുടെ തിരിച്ചറിയല്‍ രേഖയും വിലാസവുമാണ്. എല്ലായിടത്തും ഇയാള്‍ ഷാജഹാന്‍ എന്ന പേരാണ് നല്‍കിയത്. ഷാജഹാനെ എന്‍ഐഎ സംഘം നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഷാജഹാന്‍ എന്ന പേരാണ് അന്വേഷണ സംഘത്തെ കുഴപ്പിച്ചത്. മട്ടന്നൂരില്‍ എത്തിയ ശേഷമാണ് സവാദിന് ഇളയ കുഞ്ഞ് ജനിച്ചത്. കുഞ്ഞിൻ്റെ ജനനരേഖയിലെ സവാദ് എന്ന പേരാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
സവാദ് ഒളിയിടമായി തെരഞ്ഞെടുത്ത കുന്നിന്‍ ചെരിവ് അധികമാരും ശ്രദ്ധിക്കാത്ത സ്ഥലമാണ്. മട്ടന്നൂര്‍ നഗരസഭയിൽ ആണെങ്കില്‍ പോലും നാട്ടിൻപുറത്തിൻ്റെ സ്വഭാവമാണ്. ഇവിടേക്കുള്ള ഹസന്‍മുക്ക് റോഡാണെങ്കില്‍, വളഞ്ഞുപുളഞ്ഞ് പോകുന്നതാണ്. വാടക വീട് നില്‍ക്കുന്നത് കുന്നിന്‍ ചരിവിലാണ്. ഇത്തരം സുരക്ഷിതമായ ഒളിത്താവളം കണ്ടെത്താനും വാടകയ്ക്ക് എടുക്കാനും സവാദിന് ഒറ്റയ്ക്ക് കഴിയില്ലെന്നാണ് എൻ.ഐ.എയുടെ നിഗമനം.
13 വര്‍ഷവും ഇതേ രീതിയില്‍ പല സ്ഥലങ്ങളിലായി മാറിമാറി താമസിച്ചിട്ടുണ്ടാകാം. ആശാരിപ്പണിയില്‍ ഇയാള്‍ക്ക് പരിശീലനം നല്‍കിയവര്‍, ഒളിയിടം ഒരുക്കാനും താമസം മാറ്റാനും സഹായിച്ചവര്‍ എന്നിവരിലേക്കും ഇനി എന്‍.ഐ.എ അന്വേഷണം നീങ്ങും.
ഇതിനിടെ എന്‍.ഐ.എ ഇന്ത്യയിലും വിദേശത്തും വ്യാപകമായി തിരച്ചില്‍ നടത്തുമ്പോള്‍, ഇരിട്ടിയിലും മട്ടന്നൂരിലുമായി വര്‍ഷങ്ങളോളം സവാദ് ഒളിച്ചു താമസിച്ചത് വന്‍ ഇൻ്റെലിജന്‍സ് വീഴ്‌ചയാണെന്ന് വിലയിരുത്തല്‍. 13 വര്‍ഷവും ഇയാള്‍ കണ്ണൂരിലാണ് ഒളിവില്‍ കഴിഞ്ഞതെന്ന് വ്യക്തമല്ലെങ്കിലും എട്ട് വർഷത്തോളമായി ഇരിട്ടിയിലും മട്ടന്നൂരിലും ഉണ്ടായിരുന്നുവെന്ന് വ്യക്തമായ തെളിവുണ്ട്.
