
പത്തനംതിട്ട: സുരേഷ് ഗോപിയ്ക്ക് തൃശൂരില്‍ മത്സരിക്കാന്‍ അരങ്ങൊരുക്കുകയാണ് ഇ.ഡി ചെയ്യുന്നതെന്ന മുൻ മന്ത്രിയും എം.എൽ.എയുമായ എ.സി മൊയ്‌തീൻ്റെ പ്രസ്‌താവനയ്ക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍.
മന്ത്രിയായിരുന്ന കാലത്ത് ചെയ്‌ത കൊള്ളരുതായ്‌മകള്‍ വെളിച്ചത്തു വരാതിരിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമാണ് സുരേഷ് ഗോപിക്കെതിരെയുള്ളമൊയ്‌തീൻ്റെ പ്രസ്താവനയെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. സുരേഷ് ഗോപിയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ളത് വ്യാമോഹം മാത്രമാണെന്നും സുരേന്ദ്രന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘സുരേഷ് ഗോപിയ്ക്ക് വേണ്ടി എന്തിനാണ് ഇ.ഡി കളമൊരുക്കുന്നത്? സുരേഷ് ഗോപി 2019ല്‍ മത്സരിച്ചത് ഇ.ഡി കളമൊരുക്കിയിട്ടാണോ? സുരേഷ് ഗോപി രാജ്യസഭാംഗമായത് ഇ.ഡി കളമൊരുക്കിയിട്ടാണോ? സുരേഷ് ഗോപിയ്ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നത് ആരെങ്കിലും കളമൊരുക്കിയിട്ടാണോ?

തെറ്റുകള്‍ മറച്ചുവെയ്ക്കാന്‍ മറ്റു ചിലയാളുകളെ മുന്നില്‍ നിര്‍ത്തി രക്ഷപ്പെടാമെന്നാണ് മൊയ്‌തീന്‍ വിചാരിക്കുന്നത്. പക്ഷെ, മൊയ്‌തീന്‍ ഇതില്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. ഈ കള്ളത്തരത്തിനെല്ലാം കൂട്ടുനിന്നത് മൊയ്‌തീനാണ്.
മൊയ്‌തീനും അദ്ദേഹത്തിൻ്റെ ബിനാമികളും മൊയ്‌തീൻ്റെ ബന്ധുക്കളും ചേര്‍ന്നാണ് കരുവന്നൂരില്‍ വലിയ കൊള്ള നടത്തിയത്. സതീശന്‍ നടത്തിയ കൊള്ളയിലും അരവിന്ദാക്ഷന്‍ നടത്തിയ കൊള്ളയിലും മൊയ്‌തീൻ്റെ പങ്ക് വളരെ വ്യക്തമാണ്. കറുത്ത കൈകളാണ് മൊയ്‌തീൻ്റെത്. അത് സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് വെളുപ്പിക്കാന്‍ നോക്കണ്ട’- സുരേന്ദ്രൻ പറഞ്ഞു.
