
സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പിലെ മഞ്ചേശ്വരം കോഴക്കേസിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ ക്ഷുഭിതനായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ”ഇതുവരെ അവസാനിപ്പിച്ചില്ലേ, സുന്ദര, എന്തു വെളിപ്പെടുത്തൽ, 50 ലക്ഷമല്ല അഞ്ചു കോടിയാണ്, നിങ്ങൾക്കു നാണമില്ലേ ചോദിക്കാൻ”-എന്നായിരുന്നു സുരേന്ദ്രന്‍റെ മറുപടി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരക്ക് പണം നൽകി പത്രിക പിൻവലിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.വി രമേശനാണ് പരാതി നൽകിയത്. സ്ഥാനാർഥിത്വം പിൻവലിക്കാൻ സുരേന്ദ്രൻ 50 ലക്ഷം രൂപ ചെലവിട്ടതായി സുന്ദര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

സുരേന്ദ്രൻ ചിലവിട്ട 50 ലക്ഷത്തിൽ 47.5 ലക്ഷം രൂപയും ബി.ജെ.പി പ്രാദേശിക നേതാക്കൾ അടിച്ചുമാറ്റിയെന്നും ബി.ജെ.പി സുഹൃത്തുക്കളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും തനിക്ക് കിട്ടിയത് രണ്ടരലക്ഷം മാത്രമാണെന്നും സുന്ദര അറിയിച്ചു. തന്നെ അറിയില്ലെന്ന കെ. സുരേന്ദ്രന്‍റെ വാദം ശരിയല്ലെന്ന് പറഞ്ഞ സുന്ദര, സുരേന്ദ്രൻ നേരിട്ട് തന്നോട് ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും മദ്യഷോപ്പും വീടും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.
മാർച്ച് 20 ന് രാത്രി തന്നെ പാർപ്പിച്ചത് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ രാത്രി മദ്യവും ഭക്ഷണവും പ്രവർത്തകർ എത്തിച്ചു നൽകിയെന്നും സുന്ദര പറഞ്ഞിരുന്നു.
