സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുന്നു; പ്രതിസന്ധിക്കാലത്ത് ഹെലികോപ്ടര്‍ വാങ്ങുന്നതിനെതിരെ കെ.സുരേന്ദ്രന്‍

  • Post category:news
  • Reading time:1 min read
You are currently viewing സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുന്നു; പ്രതിസന്ധിക്കാലത്ത് ഹെലികോപ്ടര്‍ വാങ്ങുന്നതിനെതിരെ കെ.സുരേന്ദ്രന്‍

കൊറോണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുത്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പ്രതിസന്ധിക്കാലത്ത് ഹെലികോപ്ടര്‍ വാങ്ങുന്നതിന് ഒന്നരക്കോടി രൂപ നല്‍കി മുഖ്യമന്ത്രിയും പണമില്ലന്ന് വിലപിക്കുന്ന ധനമന്ത്രി തോമസ് ഐസകും ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ധൂര്‍ത്ത് അവസാനിപ്പിച്ച് സാമ്പത്തിക അച്ചടക്കം പാലിക്കുകയാണ് ധനമന്ത്രി ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പ്രളയകാലത്ത് സര്‍ക്കാര്‍ ജീവനക്കാരും സാധാരണ ജനവും ദുരിതാശ്വാസ നിധിയിലേക്ക് കൈ അയച്ച് സഹായം നല്‍കി. എന്നാല്‍ ആ പണം കൃത്യമായി വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണുണ്ടായതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ദുരിതബാധിതര്‍ക്ക് സഹായം ലഭിച്ചില്ലന്നു മാത്രമല്ല, സി.പി.എം നേതാക്കള്‍ പണം തട്ടിയെടുക്കുന്ന സംഭവവും ഉണ്ടായെന്നും അദ്ദേഹം ആഞ്ഞടിച്ചു.

പാര്‍ട്ടി നേതാക്കള്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിച്ചപ്പോള്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചും ധൂര്‍ത്തടിച്ചും സര്‍ക്കാരും അവര്‍ക്കൊപ്പം ചേരുകയാണുണ്ടായതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഇപ്പോള്‍ ദുരിതാശ്വാസത്തിന്‍റെ പേരില്‍ വീണ്ടും ശമ്പളമുള്‍പ്പടെ പിടിച്ചെടുക്കാന്‍ തീരുമാനിക്കുമ്പോള്‍ എന്തു വിശ്വസിച്ച് പണം നല്‍കുമെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഈ പണവും ധൂര്‍ത്തടിക്കുകയും സി.പി.എം നേതാക്കള്‍ തട്ടിക്കുകയും ചെയ്യില്ലന്ന് എന്താണുറപ്പെന്നും അദ്ദേഹം ചോദിച്ചു.

നിര്‍ബന്ധിത സാലറി ചലഞ്ചില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും കഴിവും മനസുമുള്ളവര്‍ പണം നല്‍കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സാലറി ചലഞ്ച് വഴി ലഭിക്കുന്ന പണം കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ നിയന്ത്രണത്തിന് സ്വന്തം സുരക്ഷ പോലും നോക്കാതെ ജോലി ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസുകാര്‍, ശുചീകരണത്തിലേര്‍പ്പെട്ടവര്‍ തുടങ്ങി അവശ്യ സര്‍വീസിലുള്ളവരുടെ ശമ്പളം ദുരിതാശ്വാസത്തിന് വാങ്ങില്ലെന്നും സര്‍ക്കാര്‍ തീരുമാനിക്കണമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

0Shares