ക്ഷുദ്രശക്തികൾക്കെതിരായ പോരാട്ടത്തിൽ ഗവർണ്ണർ ഒറ്റക്കാവില്ല; ഗവർണർക്ക് പിന്തുണയുമായി കെ.സുധാകരൻ

  • Post category:news
  • Reading time:1 min read
You are currently viewing ക്ഷുദ്രശക്തികൾക്കെതിരായ പോരാട്ടത്തിൽ ഗവർണ്ണർ ഒറ്റക്കാവില്ല; ഗവർണർക്ക് പിന്തുണയുമായി കെ.സുധാകരൻ

ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. ഗവർണർ പദവിയുടെ അന്തസ്സ് ഉയർത്തിപിടിക്കുന്ന നടപടിയാണിത്. സർവകലാശാലകളുടെ വിശ്വാസ്യത തകർത്ത ക്ഷുദ്രശക്തികൾക്കെതിരായ പോരാട്ടത്തിൽ ഗവർണ്ണർ ഒറ്റക്കാവില്ല.

കേരളീയ സമൂഹത്തിൻ്റെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ട്. വൈകിയെങ്കിലും ധീരമായ നിലപാട് സ്വീകരിച്ച ഗവർണ്ണറെ ഹൃദയത്തിൻ്റെ ഭാഷയിൽ അഭിനന്ദിക്കുന്നതായും സുധാകരൻ പറഞ്ഞു.


എൽ.ഡി.എഫ് ഭരണത്തിലെ കഴിഞ്ഞ മൂന്ന് വർഷത്തെ ബന്ധുനിയമനങ്ങൾ അന്വേഷിക്കാനാണ് തീരുമാനമെങ്കിലും കഴിഞ്ഞ ആറുവർഷം നടന്ന എല്ലാ ചട്ടവിരുദ്ധ നിയമനങ്ങളെ കുറിച്ചും വിശദമായ അന്വേഷണത്തിന് ഗവർണർ തയ്യാറാകണം.

കണ്ണൂർ, കേരള, കാലിക്കറ്റ്, സംസ്‌കൃത സർവകലാശാലകളിൽ ഇക്കാലയളവിൽ നിയമനങ്ങളുമായി ബന്ധപ്പെട്ട് അർഹതയും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളെ മറികടന്ന് സി.പി.എമ്മിന് വേണ്ടി നിരവധി ക്രമക്കേടുകളാണ് നടത്തിയത്. സി.പി.എം നടത്തിയ സ്വജനപക്ഷപാത നിയമനങ്ങൾക്കെല്ലാം വി.സിമാരുടെ പിന്തുണയും ഉണ്ടായിരുന്നു. സി.പി.എം നടത്തുന്ന വഴിവിട്ട നിയമനങ്ങൾക്ക് കുടപിടിക്കുന്ന വി.സിമാരെ എല്ലാ ഭരണസംവിധാനങ്ങളെയും നോക്കുകുത്തിയാക്കി പുനർനിമയനം വരെ നൽകിയെന്നും സുധാകരൻ കുറ്റപ്പെടുത്തി.

കണ്ണൂർ വിസിയുടെ പുനർനിയമനത്തിൽ ഗവർണറെ പോലും ചോദ്യം ചെയ്താണ് സർക്കാർ നിലപാട് സ്വീകരിച്ചത്. അധ്യാപക നിയമനത്തിലെ സംവരണം വരെ വിസിമാരെ ഉപയോഗിച്ച് അട്ടിമറിച്ചു. സർവകലാശാല ചാൻസിലറായ ഗവർണ്ണറുടെ അധികാരം കവരുന്ന ബില്ലുമായി ബന്ധപ്പെട്ട് സർക്കാർ നടപടികൾ സ്വീകരിക്കുന്നത് തന്നെ അധികാരത്തിന്റെ തണലിൽ സിപിഎം നടത്തിയ ബന്ധുനിയമനങ്ങൾ അസാധുവാകാതിരിക്കാനാണ്. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം ഇനിയും വർധിപ്പിച്ച് ഭരണവും നിയമനങ്ങളും കൈപിടിയിലൊതുക്കാനുള്ള വളഞ്ഞ വഴിയാണ് സർക്കാർ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

0Shares