
കെ.എസ്.യു മഹിളാ കോൺഗ്രസ് പുനഃസംഘടനയിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന് അതൃപ്തി. സംസ്ഥാനത്തെ ചർച്ചകൾ മറികടന്ന് ദില്ലിയിൽ നിന്നും അവസാനഘട്ടത്തിൽ പട്ടികയിൽ മാറ്റം വരുത്തിയെന്നാണ് ആക്ഷേപം. അതൃപ്തി ഹൈകമാന്റിനെ അറിയിച്ചു.
കേരളാ നേതൃത്വത്തെ മറികടന്ന് ദില്ലിയിൽ നിന്നും മാറ്റങ്ങളുണ്ടായെന്നാണ് ആക്ഷേപം. മഹിളാ കോൺഗ്രസ് നേതൃത്വത്തിലേക്കുള്ള കെ. സുധാകരൻ്റെ നോമിനികളെ അവഗണിച്ചു. കെ.എസ്.യു നേതൃത്വത്തിലേക്ക് സംസ്ഥാന നേതൃത്വം ചർച്ചകളിലുടെ നൽകിയ പട്ടികയും അട്ടിമറിക്കപ്പെട്ടുവെന്നാണ് ആക്ഷേപം.

അതേസമയം, കെ.എസ്.യു സംസ്ഥാന നേതൃത്വം പുനസംഘടിപ്പിച്ചതിന് പിന്നാലെ വി.ടി ബൽറാമും കെ. ജയന്തും സംഘടനയുടെ സംസ്ഥാന ചുമതല ഒഴിഞ്ഞു. ഇക്കാര്യം കെ. സുധാകരനെ ഇരുവരും അറിയിച്ചു.
കെ.എസ്.യു സംസ്ഥാന നേതൃത്വം പുനസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന മാനദണ്ഡം മാറ്റി ജംബോ പട്ടിക തയ്യാറാക്കിയതിലാണ് നേതാക്കൾക്ക് അതൃപ്തി. 25 അംഗ പട്ടിക മതി എന്ന് നിർബന്ധം പിടിച്ച ശേഷം 80 അംഗ പട്ടിക തയ്യാറാക്കിയതും കെഎസ്‌യു നേതൃത്വത്തിൽ അവിവാഹിതർ മാത്രം മതിയെന്ന നിബന്ധന മാറ്റിയതിലും നേതാക്കൾക്ക് അതൃപ്തിയുണ്ട്.
