
ചങ്ങനാശേരി മാടപ്പള്ളി മുണ്ടുകുഴിയിൽ കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാർക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ചങ്ങനാശേരിയിൽ നാളെ ഹർത്താൽ. കെ റെയിൽ വിരുദ്ധ സമരസമിതിയും യു.ഡി.എഫും ബി.ജെ.പിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. സമരക്കാരോടുള്ള പൊലീസിൻ്റെ ഇടപെടൽ സ്ഥലത്ത് സംഘർഷത്തിന് ഇടയാക്കിയിരുന്നു.

കല്ലിടൽ തടയാൻ ശ്രമിച്ച വനിതകളെ പൊലീസ് വലിച്ചിഴച്ചാണ് സംഭവസ്ഥലത്ത് നിന്ന് മാറ്റിയത്. ഇത് കണ്ട് കുട്ടികൾ കരഞ്ഞതോടെ,നാട്ടുകാർ പൊലീസിനെതിരെ തിരിയുകയായിരുന്നു. ഇത് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി. കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ മനുഷ്യശൃംഖല തീർത്തായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
കല്ലിടലിനെതിരെ ആത്മഹത്യാഭീഷണി മുഴക്കിയും മറ്റുമാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പ്രതിഷേധിച്ചത്. മണ്ണെണ്ണ ഉയർത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി. കല്ലുമായെത്തിയ വാഹനത്തിൻ്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു.കല്ലിടൽ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.
