
ആക്രമിക്കാനെത്തിയ കുരങ്ങുകളിൽനിന്ന് രക്ഷപെടാനായി വീടിന്‍റെ ടെറസിൽനിന്ന് ചാടിയ ബി.ജെ.പി നേതാവിന്‍റെ ഭാര്യ മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കൈരാന ടൗണിലെ സ്വന്തം വീട്ടിലായിരുന്നു സംഭവം.

വീടിന്‍റെ ടെറസിലേക്ക് പോയ 50കാരിയായ സുഷമാ ദേവിയാണ് ദാരുണമായി മരിച്ചത്. പ്രാദേശിക ബി.ജെ.പി നേതാവ് അനില്‍ കുമാര്‍ ചൗഹാന്റെ ഭാര്യയാണ് ഇവര്‍. വീഴ്ചയിൽ നിന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
സംഭവം നടക്കുമ്പോൾ ഭർത്താവ് അനിൽ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പ്രാദേശിക ബി.ജെ.പി നേതാവായ അനിൽ അന്തരിച്ച മുൻ പാർട്ടി എം.പിയായ ഹുക്കും സിങ്ങിന്‍റെ അനന്തരവനാണ്, 2014 മെയ് മുതൽ 2018 ഫെബ്രുവരി 3 വരെ ഹുക്കും സിങ് കൈരാന ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
