ഗുഡ് ടച്ചും ബാഡ് ടച്ചും തീരുമാനിക്കേണ്ടത് മാധ്യമ പ്രവർത്തക; സുരേഷ് ഗോപിയെ ന്യായീകരിക്കാൻ ആവില്ലെന്ന് മന്ത്രി വീണാ ജോർജ്

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ഗുഡ് ടച്ചും ബാഡ് ടച്ചും തീരുമാനിക്കേണ്ടത് മാധ്യമ പ്രവർത്തക; സുരേഷ് ഗോപിയെ ന്യായീകരിക്കാൻ ആവില്ലെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ്. ഈ വിഷയത്തിൽ സുരേഷ് ഗോപിയെ ന്യായീകരിക്കാനാവില്ല. താൻ മാധ്യമ പ്രവർത്തകയ്ക്ക് ഒപ്പമാണെന്നും ഇത്തരം പ്രവർത്തികൾ ഒരു പൊതു പ്രവർത്തകന് ചേരുന്നതല്ലെന്നും മന്ത്രി പ്രതികരിച്ചു. ഗുഡ് ടച്ചും ബാഡ് ടച്ചും തീരുമാനിക്കേണ്ടത് മാധ്യമ പ്രവർത്തകയെന്നും വീണാ ജോർജ് വ്യക്തമാക്കി.

അതേസമയം, സുരേഷ് ഗോപിക്കെതിരേ വനിതാ കമ്മീഷൻ കേസെടുത്തു. മാധ്യമ പ്രവർത്തക നൽകിയ പരാതിയിലാണ് കേസ്. 15 ദിവസത്തിനകം സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്ക് വനിത കമ്മീഷൻ നിർദേശം നൽകി. കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിനോട് മോശമായി പെരുമാറിയത്.

ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളില്‍ വെച്ച കൈ അവർ അപ്പോള്‍ തന്നെ തട്ടിമാറ്റിയിരുന്നു. സംഭവത്തിൽ മാധ്യമ പ്രവർത്തക പൊലീസിൽ പരാതി നൽകിയിരുന്നു.

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ക്ഷമ ചോദിച്ച് സുരേഷ് ഗോപി. പെരുമാറിയത് വാത്സല്യത്തോടെ ആണെന്നും ഏതെങ്കിലും രീതിയിൽ മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പ് ഇങ്ങനെ- ”മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക്‌ അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എൻ്റെയും അഭിപ്രായം.. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു SORRY …..”

0Shares