മലയാളി മാധ്യമ പ്രവര്‍ത്തകയുടെ മരണം; ഭർത്താവായ പ്രതിയുടെ കാർ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു, അന്വേഷണം ഇഴയുന്നുവെന്ന് പരാതി

You are currently viewing മലയാളി മാധ്യമ പ്രവര്‍ത്തകയുടെ മരണം; ഭർത്താവായ പ്രതിയുടെ കാർ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു, അന്വേഷണം ഇഴയുന്നുവെന്ന് പരാതി

കാസർകോട് / ബെംഗളൂരു: റോയിട്ടേഴ്‌സ്‌ മാധ്യമ പ്രവര്‍ത്തക ശ്രുതിയുടെ ദുരൂഹ മരണത്തിൽ പ്രതിയായ ഭർത്താവിൻ്റെ കാർ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ, തളിപ്പറമ്പ്, ചുഴലിയിലെ അനീഷ് കോറോത്തിൻ്റെ വീട്ടിലെത്തിയാണ് കാർ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയായ അനീഷിനെ പൊലീസിന് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കീഴടങ്ങണമെന്ന് ആഴ്‌ചകൾക്ക് മുമ്പ് ബെംഗളൂരു പോലീസ് കണ്ണൂരിലെത്തി അനീഷിൻ്റെ ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു.

ഭര്‍ത്താവ് അനിഷ് തന്നെ ഉപദ്രവിക്കുന്നുവെന്ന് ശ്രുതി പറയുന്ന ശബ്ദരേഖയും ഇതിനകം പുറത്തുവന്നിട്ടുണ്ട്. അനീഷ് തന്നെ നിരന്തരം മര്‍ദിച്ചിരുന്നു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ശ്രുതി വീട്ടുകാര്‍ക്ക് അയച്ച ശബ്ദരേഖയില്‍ ഉള്ളത്. അനീഷിനെതിരെ ഭർതൃപീഡനത്തിന് കേസ് എടുക്കാനും പൊലീസ് തയ്യാറായിരുന്നില്ല. ഇക്കാരണത്താല്‍ അനീഷിൻ്റെ അറസ്റ്റ് വൈകുന്നതിനിടെയാണ് ശബ്ദരേഖ പുറത്തുവന്നത്. അനീഷ് ശ്രുതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. മുഖത്ത് തലയിണ അമര്‍ത്തിയും ലഹരിമരുന്ന് നല്‍കിയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

കാസർകോട് വിദ്യാനഗര്‍ സ്വദേശിയായ ശ്രുതിയെയാണ് ബെംഗളൂരുവിലെ അപാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റോയിട്ടേഴ്‌സ് ബംഗളുരു ഓഫീസില്‍ സബ് എഡിറ്ററായിരുന്നു ശ്രുതി. മരണത്തില്‍ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ വൈറ്റ് ഫീല്‍ഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. നാല് വര്‍ഷം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. മരണം നടന്നതിന് രണ്ട് ദിവസം മുമ്പേ ഭര്‍ത്താവ് അനീഷ് ബെംഗ്ലൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് പോയിരുന്നതായാണ് വിവരം. മൈസൂരുവില്‍ ഒരു സുഹൃത്തിന്‍റെ വസതിയിലെത്തിയിരുന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങുന്നുവെന്ന് പറഞ്ഞാണ് അവിടെ നിന്നും പോയത്. ശ്രുതിയുടെ മരണവിവരം പുറത്തറിഞ്ഞ ശേഷം അനീഷിൻ്റെ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്.

0Shares