ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര; വാക്കിലും പ്രവൃത്തിയിലും കർക്കശക്കാരി; ജോസഫൈൻ ഒരു കറകളഞ്ഞ ഒരു കമ്മ്യൂണിസ്റ്റ്

  • Post category:news
  • Reading time:2 mins read
You are currently viewing ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര; വാക്കിലും പ്രവൃത്തിയിലും കർക്കശക്കാരി; ജോസഫൈൻ ഒരു കറകളഞ്ഞ ഒരു  കമ്മ്യൂണിസ്റ്റ്

വാക്കിലും പ്രവൃത്തിയിലും കർക്കശക്കാരിയായ ജോസഫൈൻ കറകളഞ്ഞ ഒരു കമ്മ്യൂണിസ്റ്റായിരുന്നു. പാർട്ടിക്ക് വിധേയായ തികഞ്ഞ പ്രവർത്തകയായിരുന്നു. എങ്കിലും കര്‍ക്കശമായ സ്വഭാവ സവിശേഷത പലപ്പോഴും ജോസഫൈനെ വിവാദങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. വിവാദങ്ങളിൽപെട്ട് അധികാരം ഉപേക്ഷിക്കേണ്ടി വന്ന ചുരുക്കും ചില നേതാക്കളിൽ ഒരാൾ കൂടിയായിരുന്നു ജോസഫെയ്ൻ.

സ്ത്രീസുരക്ഷയും സമത്വവും സി.പി.എം ഉയർത്തിപ്പിടിക്കുന്ന കാലത്താണ് എം.സി ജോസഫൈൻ പാർട്ടിയെ വിവാദത്തിലേക്ക് കൊണ്ടുവന്നത്. വനിതാ കമ്മീഷൻ അധ്യക്ഷയായിരിക്കെ ഒരു വാർത്താ ചാനൽ പരിപാടിയിൽ സഹായം അഭ്യർഥിച്ച സ്ത്രീയോടുള്ള പെരുമാറ്റം ജോസഫൈന് കേരളത്തിൻ്റെ വെറുപ്പ് സമ്പാദിച്ച് നൽകി. ജോസഫൈനെതിരെ നാല് ഭാഗത്ത് നിന്നും രൂക്ഷ വിമർശനങ്ങൾ വന്നതോടെ ഒടുവിൽ അധികാരം തന്നെ വെടിയേണ്ടി വന്നു.

കഴിഞ്ഞ വർഷം ജൂൺ 25-ന് ജോസഫൈന് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജി വെക്കേണ്ടി വന്നു. പകരം പി. സതീദേവിയെ ചുമതലയേൽപ്പിച്ചാണ് സർക്കാർ മുഖം രക്ഷിച്ചതെങ്കിലും അതുവരെയുണ്ടായിരുന്ന സർക്കാരിൻ്റെ ജനകീയ മുഖത്തിന് ആ ഒറ്റ വിവാദത്തിൽ കോട്ടം തട്ടിയെന്ന് പാർട്ടിക്കുള്ളിൽ തന്നെ അടക്കം പറച്ചിലുണ്ടായി. വിദ്യാർത്ഥി-യുവജന- മഹിളാ പ്രസ്ഥാനങ്ങളിൽ അരനൂറ്റാണ്ടിലേറെയായി ജോസഫൈൻ്റെ സാന്നിധ്യമുണ്ട്. ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അവർ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കും വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെടുത്തത്.

ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവ്, വനിതാ കമീഷൻ അധ്യക്ഷ എന്നീ നിലകളിലുള്ള ജോസഫൈൻ്റെ ഇടപെടലുകൾ സ്ത്രീ സമൂഹത്തിന് നീതി ഉറപ്പാക്കുക, പുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തിൽ മാത്രം ഊന്നിയുള്ളതായിരുന്നു. വിവിധ തൊഴിലാളി യൂണിയനുകളുടെ നേതാവ്, വനിതാ വികസന കോർപറേഷൻ്റെയും വിശാലകൊച്ചി വികസന അതോറിറ്റിയുടെയും നായിക എന്നീ നിലകളിലും ശ്രദ്ധേയമായ സംഭാവനകളാണ് അവർ നൽകിയത്.

ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജോസഫൈൻ വിദ്യാർഥി–യുവജന–മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ്‌ പൊതുരംഗത്തെത്തിയത്‌. 1978ലാണ് സി.പി.എം അംഗത്വം ലഭിച്ചത്. 1984ൽ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസിൽ വെച്ച് ആരോ​ഗ്യ കാരണങ്ങളാലും പ്രായാധിക്യത്തെ തുടർന്നും അവരെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 1996ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റായി. സംസ്ഥാന വെയർഹൗസിങ്‌ കോർപറേഷൻ എംപ്ലോയീസ്‌ യൂണിയൻ (സി.ഐ.ടി.യു) സെക്രട്ടറിയും പ്രൈവറ്റ്‌ ഹോസ്‌പിറ്റൽ വർക്കേഴ്‌സ്‌ യൂണിയൻ (സി.ഐ.ടി.യു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ൽ ഇടുക്കി ലോക്‌സഭ മണ്ഡലത്തിലേക്കും മത്സരിച്ചു.

0Shares