
ജോസ് കെ. മാണിയുടെ മകൻ പ്രതിയായ വാഹനാപകടത്തിൽ പോലീസ് വീഴ്ച വരുത്തിയെന്ന് ആരോപണം. അപകടമുണ്ടായതിന് ശേഷം പോലീസ് തയ്യാറാക്കിയ ആദ്യ എഫ്. ഐ. ആറിൽ മകൻ കെ.എം മാണി ജൂനിയറിന്റെ പേരില്ല. പകരം 45 വയസുള്ള ആളെന്നുമാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ കണ്ടിട്ടും ആദ്യ എഫ്. ഐ. ആറിൽ പേര് ഒഴിവാക്കിയതിൽ ദുരൂഹതയുണ്ട്. അപകടം നടന്ന ഉടനെ കെ.എം മാണിയുടെ രക്തസാമ്പിൾ പരിശോധന നടത്തിയിട്ടുമില്ല. ശനിയാഴ്ച രാത്രിയായിരുന്നു കെ. എം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചത്.

മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍, ജിന്‍സ് ജോണ്‍ എന്നിവരാണ് മരിച്ചത്. ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് ബൈക്ക് പിന്നില്‍ ഇടിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. അപകടത്തിൽപ്പെട്ട രണ്ടുപേരെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിൽ കെ. എം മാണി ജൂനിയറിനെ ഇന്നലെ അറസ്റ്റ് ചെയ്ത് അപ്പോൾ തന്നെ ജാമ്യത്തില്‍ വിട്ടു.
