ജാർഖണ്ഡിലെ ജില്ലാ ജഡ്ജിയുടെ മരണം കൊലപാതകം; പ്രതികൾ ജഡ്ജിയെ മനഃപൂർവ്വം ഓട്ടോ ഇടിപ്പിക്കുകയായിരുന്നുവെന്ന് സി.ബി.ഐ

  • Post category:news
  • Reading time:1 min read
You are currently viewing ജാർഖണ്ഡിലെ ജില്ലാ ജഡ്ജിയുടെ മരണം കൊലപാതകം; പ്രതികൾ ജഡ്ജിയെ മനഃപൂർവ്വം ഓട്ടോ ഇടിപ്പിക്കുകയായിരുന്നുവെന്ന് സി.ബി.ഐ

ജാർഖണ്ഡിലെ ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്‍റെ മരണം കൊലപാതകമെന്ന് സി.ബി.ഐ. ജഡ്ജിയുടേത് അപകട മരണമല്ലെന്നും പ്രതികൾ ജഡ്ജിയെ മനഃപൂർവ്വം ഓട്ടോ ഇടിപ്പിക്കുകയായിരുന്നുവെന്നും സി.ബി.ഐ കോടതിയിൽ പറഞ്ഞു. മോഷ്ടിച്ച ഓട്ടോറിക്ഷ ഓടിച്ച രണ്ടുപേരുടെ നേതൃത്വത്തിൽ ഉത്തം ആനന്ദിനെ ബോധപൂർവ്വം ലക്ഷ്യമിട്ട് കൊല്ലുകയായിരുന്നുവെന്നും സി.ബി.ഐ പറഞ്ഞു.

കുറ്റകൃത്യത്തിന്‍റെ വിശകലനവും സി.സി.ടി.വി ഭൃശ്യങ്ങളും ലഭ്യമായ ഫോറൻസിക് തെളിവുകളും പരിശോധിച്ച ശേഷമാണ് സി.ബി.ഐ ജഡ്ജിയുടെ മരണം കരുതിക്കൂട്ടിയുള്ളതാണെന്ന് കണ്ടെത്തിയത്. കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് ഏജൻസി അറിയിച്ചു. ജൂലായിലാണ് ധൻബാദിലെ ജില്ലാ അഡീഷണൽ ജഡ്ജി ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചത്.

വീടിന് അര കിലോമീറ്റർ അകലെയായി അദ്ദേഹത്തെ അജ്ഞാത വാഹനമിടിച്ചെന്നായിരുന്നു പൊലീസിന്‍റെ ആദ്യ വിശദീകരണം. എന്നാൽ അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയം ഉയർന്നത്. ബുധനാഴ്ച രാവിലെ അഞ്ചു മണിയോടെ ജഡ്ജിയെ ബോധപൂർവം ഇടിച്ചുവീഴ്ത്തിയശേഷം ഓട്ടോറിക്ഷ നിർത്താതെ ഓടിച്ചുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

അപകടമുണ്ടാക്കിയ ഓട്ടോ ഡ്രൈവറെയും കൂട്ടാളിയെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ലഖൻ കുമാർ വർമ, രാഹുൽ വർമ എന്നിവരാണ് പിടിയിലായത്. ധൻബാദിൽ മാഫിയാസംഘങ്ങളുടെ ഒട്ടേറെ കൊലപാതകക്കേസുകൾ ജഡ്ജി ഉത്തം ആനന്ദ് കൈകാര്യം ചെയ്യുന്നുണ്ട്. ഗുണ്ടാസംഘത്തിലുൾപ്പെട്ടവർക്ക് അദ്ദേഹം ജാമ്യം നിഷേധിച്ചതുമായി സംഭവത്തിന് ബന്ധമുണ്ടെന്നും ആരോപണമുണ്ട്.

0Shares