
തങ്ങളെ കൊറോണ ഡ്യൂട്ടിക്കിട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ ദമ്പതിമാര്‍ രാജിവെച്ചു. വാട്‌സാപ്പ് ജിമെയില്‍ സംവിധാനങ്ങളിലൂടെയായിരുന്നു രാജി. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭം ജില്ലയിലെ ഡോക്ടര്‍മാരായ അലോക് ടിര്‍ക്കിയും ഭാര്യ സൗമ്യയുമാണ് രാജിവെച്ചത്. കൊറോണ വ്യാപനം തടയുന്നിനായി ആരോഗ്യ വകുപ്പും അധികൃതരും കിണഞ്ഞു ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്തരത്തിലൊരു രാജി.

അതേസമയം 24 മണിക്കൂറിനുള്ളില്‍ ജോലിയില്‍പ്രവേശിക്കണമെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശം.ഇല്ലെങ്കില്‍ എപിഡമിക് ഡിസീസ് ആക്റ്റ് പ്രകാരം എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുമെന്നും അറിയിച്ചു. മാത്രവുമല്ല ഡ്യൂട്ടിക്കെത്തിയില്ലെങ്കില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു.
ധുംക മെഡിക്കല്‍ കോളജില്‍ നിന്നും രാജിവെച്ച ഡോ. അലോക് അടുത്തിടെയാണ് സദാര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. മൂന്ന് ദിവസം മുമ്പ് കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിക്കിടുകയായിരുന്നു.
എന്നാല്‍ ആശുപത്രിക്കുള്ളിലെ രാഷ്ട്രീയക്കളിയുടെ ഇരയാണ് താനെന്നാണ് ഡോ ടിർക്കി പറയുന്നത്. ഭാര്യയും ഡോക്ടറുമായ സൗമ്യയ്ക്കും തന്‍റെ സഹോദരിക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇതിനാലാണ് താന്‍ രാജിവെച്ചതെന്നാണ് ഡോക്ടറുടെ വിശദീകരണം.
