
ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള ട്രെയിൻ യാത്ര ഇപ്പോൾ ചർച്ചാ വിഷയമാണ്. യാത്രക്കാർ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിലും. യാത്ര പുറപ്പെട്ട പൂര്‍ണഗിരി ജനശതാബ്ദി എക്സ്പ്രസ് പെട്ടന്ന് അതിവേഗം ഓടിയത് പിറകോട്ടായിരുന്നു. സാങ്കേതിക തകരാറ് സംഭവിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചത്. ട്രെയിന്‍ പിറകോട്ട് ഓടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലെ തനക്പുരിലേക്ക് പോകുകയായിരുന്നു പൂര്‍ണഗിരി ജനാശതാബ്ദി എക്സ്പ്രസ്. ഖാട്ടിമയില്‍ നിന്ന് തനക്പൂരിലേക്ക് ഓടിക്കൊണ്ടിരിക്കവേ, പാളത്തിന് കുറുകെ കന്നുകാലി കൂട്ടം ചാടിയതാണ് നിയന്ത്രണം തെറ്റാൻ കാരണം. മൃഗങ്ങളെ ഇടിക്കാതിരിക്കാന്‍ വേണ്ടി ലോക്കോ പൈലറ്റ് ബ്രേക്ക് ചവിട്ടിയതോടെയാണ് ട്രെയിനിന് സാങ്കേതിക തകരാറ് സംഭവിച്ച് പിറകോട്ട് ഓടിയത്. അതിവേഗം ഓടിയ ട്രെയിനിനെ നിർത്താൻ ഏറെ സമയം വേണ്ടി വന്നു. അപ്പോഴേക്കും 35 കിലോമീറ്റർ ദൂരം ട്രെയിൻ പിറകോട്ട് സഞ്ചരിച്ചിരുന്നു. ട്രെയിന്‍ പാളം തെറ്റാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഖാട്ടിമ എന്ന സ്ഥലത്ത് എത്തിയാണ് ട്രെയിന്‍ നിന്നത്. യാത്രക്കാരെ അവിടെ ഇറക്കി ബസ്സിലാണ് പിന്നീട് തനക്പൂരിലേക്ക് എത്തിച്ചത്. അന്വേഷണവിധേയമായി ലോക്കോ പൈലറ്റിനെയും ഗാര്‍ഡിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.
