
പ്രശസ്ത ഹോളിവുഡ് താരവും ആക്റ്റിവിസ്റ്റുമായ ജെയ്ൻ ഫോണ്ട കാൻസർ സ്ഥിരീകരിച്ചതിനെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ്. വെള്ളിയാഴ്ച്ചാണ് ജെയ്ൻ സാമൂഹിക മാധ്യമത്തിലൂടെ തനിക്ക് കാൻസർ ബാധിച്ച വിവരം ആരാധകരെ അറിയിച്ചത്. വ്യക്തിപരമായ ഒരു കാര്യം പറയാനുണ്ട് എന്നുപറഞ്ഞാണ് ജെയ്ൻ കാൻസർ വിവരം പങ്കുവെച്ചത്.
തനിക്ക് നോൺ ഹോഡ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചുവെന്നും കീമോതെറാപ്പി തുടങ്ങിയെന്നുമാണ് എൺപത്തിനാലുകാരിയായ ജെയ്ൻ പറഞ്ഞത്. തൻ്റെ രോഗം ചികിത്സിച്ച് ഭേദമാക്കാവുന്നതാണ് എന്നും ഭാഗ്യവതിയാണ് താനെന്നും ജെയ്ൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വരുന്ന ആറുമാസം കീമോതെറാപ്പി ചെയ്യുമെന്നും ചികിത്സ നന്നായി പുരോഗമിക്കുന്നുണ്ടെന്നും ജെയ്ൻ പറഞ്ഞു.

എൺപത്തിനാലാം വയസ്സിൽ വന്ന കാൻസർ തീർച്ചയായും തന്നെ പുതിയ യാഥാർഥ്യങ്ങളെ പുൽകാൻ പഠിപ്പിക്കും. കാൻസർ ഒരു ടീച്ചറാണെന്നും അത് തനിക്ക് നൽകുന്ന പാഠങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ജെയ്ൻ പറഞ്ഞു. നേരത്തേയും ജെയ്നിന് കാൻസർ ബാധിച്ചിരുന്നു. 2010ൽ സ്തനത്തിൽ മുഴയുടെ രൂപത്തിലായിരുന്നു അർബുദം കണ്ടെത്തിയത്. പിന്നീട് ചർമത്തിലും കാൻസർ ബാധിച്ചിരുന്നു.
