
കാസര്‍കോട് ജില്ലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പിയുടെ ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ജയ് ശ്രീറാം വിളിച്ചതിനെതിരെ അള്ളാഹു അക്ബര്‍ വിളികളുമായി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ എത്തിയത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ മംഗല്‍പാടി പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് സംഭവം.
ഇവിടെ പഞ്ചായത്തിലെ 17ാം വാര്‍ഡായ അടുക്കയില്‍ നിന്നു ജയിച്ച ബി.ജെ.പി അംഗവും യുവമോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ ബി കിഷോര്‍ കുമാര്‍ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ‘ജയ് ശ്രീറാം’ വിളി നടത്തുകയായിരുന്നു. ഇതിനോടുള്ള പ്രതിഷേധമായി ചടങ്ങില്‍ ഉണ്ടായിരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അള്ളാഹു അക്ബര്‍ വിളികളുമായി ഉടന്‍ രംഗത്ത് എത്തി.

ഈ സമയം മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി. എ മൂസ ഇടപ്പെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. നാല് അംഗങ്ങളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി മംഗല്‍പാടി പഞ്ചായത്തില്‍ നിന്ന് ജയിച്ചത്. മറ്റു മൂന്ന് പേരും ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.
അതേസമയം, സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലീഗ് മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ മൂസ കുഞ്ഞി വരണാധികാരിക്ക് പരാതി നല്‍കിയിട്ടുണ്ട്.
