
പക്ഷിപ്പനിയും കൊറോണയും സംസ്ഥാനത്ത് താണ്ഡവമാടുന്ന സാഹചര്യത്തില്‍ കോഴിയിറച്ചി വിപണി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ഹോട്ടലുകളിലും വീടുകളിലും കോഴിയിറച്ചിയുടെ ഉപയോഗം കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്ക് നോമ്പുകാലം ആയതിനാല്‍ തന്നെ കോഴിയിറച്ചി വിപണി ‘ഡൗണ്‍’ ആയിരിക്കുകയായിരുന്നു. ഈ സമയത്ത് പക്ഷിപ്പനിയും വന്നതോടെ ചിക്കന്‍ സ്റ്റാളുകളെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്.

സംസ്ഥാനത്തിന്‍റെ പല ഭാഗത്തും 19 രൂപയായിരുന്നു കഴിഞ്ഞദിവസം ചിക്കന്‍റെ വില. എന്നാല്‍ കോഴിയിറച്ചിയുടെ വിപണി ഇടിഞ്ഞപ്പോള്‍ മറ്റൊരു വിഭവത്തിന്‍റെ വിപണി വളരെയധികം ഉയര്‍ന്നിരിക്കുകയാണ്. കേരളത്തില്‍ ഏറ്റവും സുലഭവും ഡിമാന്റുള്ളതുമായ ചക്കയാണ് താരം. നല്ല നാടന്‍ ചക്കയ്ക്ക് രാജ്യത്തിന്‍റെ പല ഭാഗത്തും ആവശ്യക്കാര്‍ ഏറെയാണ്. ഉത്തരേന്ത്യയിലാണ് ചക്കയ്ക്ക് ഇഷ്ടക്കാര്‍ കൂടുതല്‍.
ലഖ്‌നൗവില്‍ ഒരു കിലോ ചക്കയ്ക്ക് വില ഇപ്പോള്‍ 120 രൂപയാണ്. വെറും 50 രൂപയില്‍ നിന്നാണ് ഈ ഉയര്‍ച്ച. ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെയാണ് ചക്കയുടെ വില ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നത്. മാത്രമല്ല, പല ചിക്കന്‍ വിഭവങ്ങള്‍ക്കും പകരം ഇപ്പോള്‍ ഹോട്ടലുകളിലും വീടുകളിലും ചക്കകൊണ്ടുള്ള വിഭവങ്ങളാണ്. അതില്‍ ചക്ക ബിരിയാണിയാണ് പ്രധാനം. രുചിയുടെ കാര്യത്തിലും ചക്ക ബിരിയാണിയാണ് കേമന്‍.
