‘സി.കെ ശ്രീധരന്‍ സ്ത്രീയായി ജനിക്കാത്തത് കാഞ്ഞങ്ങാട്ടുകാരുടേയും കേരളത്തിന്റേയും ഭാഗ്യം’; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി രാജ്‌മോഹൻ ഉണ്ണിത്താന്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ‘സി.കെ ശ്രീധരന്‍ സ്ത്രീയായി ജനിക്കാത്തത് കാഞ്ഞങ്ങാട്ടുകാരുടേയും കേരളത്തിന്റേയും ഭാഗ്യം’; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി രാജ്‌മോഹൻ ഉണ്ണിത്താന്‍

വാർത്താസമ്മേളനത്തിനിടെ സ്ത്രീവിരുദ്ധ പരാമർശവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മുൻ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ സി.കെ. ശ്രീധരൻ സ്ത്രീയായി ജനിക്കാത്തത് കേരളത്തിൻ്റെ ഭാഗ്യം എന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.

‘ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ ശ്രീധരൻ പ്രധാനപ്പെട്ട സാക്ഷികളെ വിസ്തരിക്കുന്ന ദിവസം കോടതിയിൽ ഹാജരാകാറില്ല, ജൂനിയേഴ്സിനേയാണ് അദ്ദേഹം പറഞ്ഞയക്കുക. മാർക്സിസ്റ്റ് നേതാവ് മോഹനനേയും അദ്ദേഹവുമായി ബന്ധപ്പെട്ട് ശിക്ഷിക്കാൻ ഉതകുന്ന സാക്ഷികളേയും വിസ്തരിക്കാൻ വിളിച്ച ദിവസങ്ങളിൽ വിചാരണ കോടതികളിൽ നിന്ന് മുങ്ങുന്ന കാഴ്ച അന്നും ഞങ്ങൾ കണ്ടു.

പണത്തിന് വേണ്ടി മാർക്സിസ്റ്റ് പാർട്ടിയിലും, ആർ.എസ്.എസിലും അദ്ദേഹത്തിന് അവിഹിത ബന്ധമുണ്ട്. ഇയാളുടെ ശരീരം കോൺഗ്രസിലും മനസ് ബി.ജെ.പിയിലും മാർക്സിസ്റ്റ് പാർട്ടിയിലുമാണ്. ഇദ്ദേഹം സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടേയും കേരളത്തിന്റേയും ഭാഗ്യം എന്നേ പറയാനുള്ളൂ’ ഉണ്ണിത്താൻ പറഞ്ഞു.

പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് വക്കാലത്ത് ഏറ്റെടുത്ത ശേഷവും സി.കെ. ശ്രീധരൻ ചതി നടത്തിയിട്ടുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു. പിലാത്തോസും യൂദാസും കൂടെ ചേർന്നാൽ എന്താണോ അതാണ് ശ്രീധരനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പെരിയ ഇരട്ടക്കൊലക്കേസ് വക്കാലത്ത് ഏറ്റെടുത്ത സി.കെ. ശ്രീധരൻ ഒരു ചതി നടത്തിയിട്ടുണ്ട്. കുടുംബത്തെ വിശ്വസിപ്പിച്ച്, കേസ് ഏറ്റെടുത്ത് സി.ബി.ഐയ്ക്ക് വിടാമെന്ന് പറഞ്ഞ്, എറണാകുളത്ത് പോയി മുറിയെടുത്ത് കേസ് മൊത്തം പഠിച്ചു കഴിഞ്ഞപ്പോഴാണ് പറയുന്നത് എനിക്ക് തിരക്കാണെന്ന്. ഞങ്ങൾക്ക് അറിയാവുന്ന മുഴുവൻ വിവരങ്ങളും ചോർത്തിയെടുത്ത ശേഷമാണ് അദ്ദേഹം പറയുന്നത് കേസെടുക്കാൻ പറ്റില്ല എന്ന്. മുപ്പത് ചില്ലിക്കാശിന് വേണ്ടി യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്തില്ലേ യൂദാസ്.

പിലാത്തോസും യൂദാസും കൂടെ ചേർന്നാൽ എന്താണോ അതാണ് സി.കെ ശ്രീധരൻ. സി.കെ ശ്രീധരന് ഏത് ഏത് പാർട്ടിയിൽ വേണമെങ്കിലും പോകാം. ശ്രീധരൻ്റെ രാഷ്ട്രീയ ചാരിത്ര്യമൊന്നും കൂടുതലായി ജനങ്ങളോട് പറയണ്ട. അങ്ങനെ പറയാൻ അയാൾ പറയാൻ ശ്രമിച്ചാൽ പലതും നമുക്ക് പറയേണ്ടി വരും’ ഉണ്ണിത്താൻ പറഞ്ഞു.

0Shares