ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ: ഇത് നര്‍മ്മത്തിൻ്റെയും പാട്ടിൻ്റെയും ഒപ്പനയുടെയും ആഘോഷരാവ്

  • Post category:local news / tourism
  • Reading time:1 min read
You are currently viewing ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ: ഇത് നര്‍മ്മത്തിൻ്റെയും പാട്ടിൻ്റെയും ഒപ്പനയുടെയും ആഘോഷരാവ്

കാസർകോട്: മറിമായം, എം 80 മൂസ എന്നീ പരമ്പരകളിലൂടെ ടിവി പ്രേക്ഷകര്‍ക്ക് സുപരിചിതനായ വിനോദ് കോവൂരും, പ്രശസ്ത ചലച്ചിത്ര നടിയും ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയും ഒരുമിച്ചപ്പോള്‍ ചിരിയുടെ മാലപ്പടക്കത്തിനാണ് ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിൻ്റെ വെള്ളിയാഴ്ചത്തെ സായാഹ്നം തിരികൊളുത്തിയത്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക രഹനയും ജനഹൃദയങ്ങള്‍ കീഴടക്കിയ പട്ടുറുമാല്‍ പരിപാടിയുടെ ജേതാക്കളും ഒരുമിച്ചപ്പോള്‍ മാപ്പിളപ്പാട്ടിൻ്റെ മറ്റൊരു ലോകത്തേക്കും കാണികളെ കൊണ്ടുപോയി.

മൂസാക്കയുടെയും പാത്തുവിൻ്റെയും തമാശകളും മനോഹരമായ മാപ്പിളപ്പാട്ടുകളും ഒപ്പനയുമൊക്കെയായി കാണികള്‍ക്ക് സന്തോഷത്തിൻ്റെ ആഘോഷ രാവാണ് സമ്മാനിച്ചത്. മലയാളത്തിലെ വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന മനോഹരമായ മാപ്പിള ഗാനങ്ങള്‍ ആസ്വാദനത്തിൻ്റെ പുത്തന്‍ അനുഭൂതിയാണ് കാണികള്‍ക്ക് നല്‍കിയത്.

കൂട്ടത്തില്‍ പാത്തുവിൻ്റെയും മൂസാക്കയുടെയും വിമാനയാത്രകളിലെ വിശേഷങ്ങള്‍ ഏറെ സന്തോഷവും നല്‍കി. മൊഞ്ചുള്ള മണവാട്ടിയുടെയും കൂട്ടരുടെയും ഒപ്പന ഹൃദ്യമായൊരു അനുഭവവുമായി.

കാസര്‍കോടുകാരുടെ സ്‌നേഹമാണ് കടലുപോലത്തെ ഈ ജനക്കൂട്ടം എന്ന് വിനോദും സുരഭിയും പറഞ്ഞു. ഇത്രയും വലിയൊരു ജനസാഗരത്തെ ഒരുമിച്ചു കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു എന്നും അടുത്തൊന്നും ഇത്രയും വലിയൊരു ആള്‍ക്കൂട്ടത്തെ കണ്ടിട്ടില്ലെന്നും, ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിൻ്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്നും ഇരുവരും പറഞ്ഞു. പുതിയ സിനിമ വിശേഷങ്ങളും പ്രതീക്ഷകളും കാസര്‍കോട് ജനതയുമായി പങ്കുവെച്ചാണ് പരിപാടി അവസാനിച്ചത്.

0Shares