
ജറൂസലെം: ഗാസയില്‍ ഹമാസിന്‍റെ തുരങ്കങ്ങളിലേക്ക് കടന്ന് ആക്രമണം ശക്തമാക്കി ഇസ്രേലി സേന. 30 ഹമാസ് ഭീകരരെ വധിച്ച ഇസ്രേലി സേന വൻ ആയുധശേഖരം പിടിച്ചെടുത്തു. ഗാസ സിറ്റിയിലെ അല്‍- ഷിഫ, അല്‍- ഖുദുസ്, ഇന്തോനേഷ്യൻ ഹോസ്‌പിറ്റൽ എന്നീ ആശുപത്രികള്‍ ഇസ്രേലി ടാങ്കുകള്‍ വളഞ്ഞെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അല്‍- ഷിഫക്ക് സമീപം ആക്രമണം നടത്തിയെന്ന് ഇസ്രയേലും സ്ഥിരീകരിച്ചു. ഗാസയിലെ ആശുപത്രികളുടെ അടിയിലാണ് ഹമാസ് കമാൻഡ് കേന്ദ്രങ്ങളെന്ന് ഇസ്രയേല്‍ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ ആശുപത്രികളില്‍ ആയിരക്കണക്കിന് നാട്ടുകാര്‍ അഭയം തേടിയിട്ടുണ്ട്.

ഹമാസ് നേതാവ് യഹ്യ സിൻവാറിന്‍റെ സഹോദരൻ മുഹമ്മദ് സിൻവാറിന്‍റെ ഓഫീസുകളിലും ഇസ്രേലി സേന നത്തിയ റെയ്‌ഡിൽ ആയുധങ്ങള്‍ പിടികൂടി. ഒക്ടോബര്‍ ഏഴിന് ശേഷം ഗാസയില്‍ 15,000 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നും 6,000 ആയുധങ്ങള്‍ പിടിച്ചെടുത്തെന്നും ഐ.ഡി.എഫ് അറിയിച്ചു.
ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11.078 ആയി. ഇതില്‍ 7500 സ്ത്രീകളും കുട്ടികളുമാണ്. ഗാസയുടെ വടക്കൻ മേഖലയില്‍ നിന്ന് തെക്കോട്ട് ജനങ്ങളുടെ കൂട്ടപ്പലായനം തുടരുന്നു. വടക്കൻ ഗാസയിലെ 11 ലക്ഷം പേരില്‍ 8.5 ലക്ഷം പേര്‍ ഒഴിഞ്ഞു പോയതായാണ് ഇസ്രയേല്‍ കണക്കാക്കുന്നത്.
ഇതിനിടെ, ഗാസയില്‍ വെടിനിര്‍ത്തലിനായി ഈജിപ്ഷ്യൻ പ്രസിഡണ്ട് അബ്ദുള്‍ ഫത്തേ അല്‍ സിസിയും ഖത്തര്‍ അമീര്‍ ഷേക്ക് തമീം ബിൻ ഹമദ് അല്‍ താനിയും വെള്ളിയാഴ്‌ച ചര്‍ച്ച നടത്തി.
