
അന്തരിച്ച ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ചികിത്സയില്‍ ഗുരുതര പിഴവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. മറഡോണയുടെ സ്വകാര്യ ഡോക്ടര്‍ ഉള്‍പ്പെടെ ഏഴോളം പേര്‍ക്ക് ശിക്ഷ ലഭിച്ചേക്കും. എട്ടുമുതല്‍ 25 വര്‍ഷം വരെ തടവ് ലഭിച്ചേക്കുമെന്ന് ജുഡീഷ്യല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. മറഡോണയുടെ സ്വകാര്യ ഡോക്ടറും ന്യൂറോസര്‍ജനുമായ ലിയോപോള്‍ഡോ ലൂക്വി, ഫിസിയാര്‍ടിസ്റ്റ് അഗസ്റ്റിന കൊസകോവ്, സൈക്കോളജിസ്റ്റ് കാര്‍ലോസ് ഡയസ് അടക്കമുള്ളവര്‍ക്കാണ് എട്ടുമുതല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നത്.

മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെയാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിന് നിയമിച്ച മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ ചികിത്സയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അവസാന 12 മണിക്കൂറില്‍ വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നും, ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താതെ മരണത്തിനു വിട്ടുനല്‍കി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തലയിലെ ശസ്ത്രക്രിയക്കു ശേഷം ബ്വേനസ് ഐറിസിലെ വീട്ടില്‍ വിശ്രമിക്കവെയാണ് 2020 നവംബര്‍ 25ന് ഡീഗോ മറഡോണ മരണപ്പെടുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. എന്നാല്‍, അന്ത്യം സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. കുടുംബവും ആരാധകരും പരാതിയുമായി രംഗത്തെത്തി. ഇതോടെയാണ് മറഡോണയുടെ പേഴ്‌സനല്‍ ഡോക്ടര്‍ ലിയോപോള്‍ഡോ ലൂക്വി അറസ്റ്റിലാവുന്നത്. ശേഷം സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുകയും ചെയ്തു.
കഴിഞ്ഞ മാര്‍ച്ചിലാണ് അര്‍ജന്റീന ജസ്റ്റിസ് മന്ത്രാലയം പ്രത്യേക മെഡിക്കല്‍ ബോര്‍ഡിനെ അന്വേഷണത്തിനായി നിയമിച്ചത്. ഏപ്രില്‍ 30നു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മറഡോണയുടെ മെഡിക്കല്‍ ടീമിന്‍റെ അനാസ്ഥയെയും കെടുകാര്യസ്ഥതയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അവസാന 12 മണിക്കൂറില്‍ മറഡോണ മരണവേദനയില്‍ പിടഞ്ഞിട്ടും മെഡിക്കല്‍ ടീം അടിയന്തര പരിചരണമോ, ജീവന്‍രക്ഷിക്കാനുള്ള നടപടിയോ സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്.
