
നയന്‍താര വിഘ്നേഷ് ശിവന്‍ ദമ്പതികള്‍ക്ക് വാടക ഗര്‍ഭധാരണം വഴി കുഞ്ഞ് പിറന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്തുള്ള ചട്ടങ്ങള്‍ മറികടന്നാണോ ഇരുവര്‍ക്കും കുഞ്ഞുങ്ങള്‍ പിറന്നത് എന്ന കാര്യം അന്വേഷിക്കും.
വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്ന ചട്ടം നിലനില്‍ക്കവെയാണ് ദമ്പതികള്‍ക്ക് വാടക ഗര്‍ഭധാരണം വഴി രണ്ട് ഇരട്ട കുട്ടികള്‍ ജനിച്ചിരിക്കുന്നത്. കൂടാതെ 21-36 വയസ് പ്രായമുള്ള വിവാഹിതയ്ക്ക് ഭര്‍ത്താവിൻ്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ദാനം ചെയ്യാനാന്‍ സാധിക്കൂ.

ഇത്തരം ചട്ടങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ എങ്ങനെ വാടക ഗര്‍ഭധാരണം സാധ്യമാകും എന്നാണ് നയന്‍താര വിഘ്നേഷ് ശിവന്‍ ദമ്പതികളോടുള്ള പ്രധാന ചോദ്യം. ഇക്കാര്യം സംബന്ധിച്ച് നയന്‍താരയോട് തമിഴ്നാട് മെഡിക്കല്‍ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമലംഘനം നടത്തട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി എം. സുബ്രഹ്‌മണ്യന്‍ പറഞ്ഞു.
