
ഷീന ബോറ കൊലകേസിലെ പ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ഹര്‍ജിയില്‍ ജനുവരി 5 ലെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ അസമിലെ ഗുവാഹത്തി വിമാനത്താവളത്തോട് നിര്‍ദേശിച്ച് പ്രത്യേക കോടതി. ഷീന ബോറയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീ വിമാനത്തില്‍ കയറുന്നത് രണ്ട് അഭിഭാഷകര്‍ കണ്ടതായി ഇന്ദ്രാണി അവകാശപ്പെട്ടിരുന്നു.
ഈയാഴ്ച ഗുവാഹത്തി വിമാനത്താവളത്തില്‍ രണ്ട് അഭിഭാഷകര്‍ ഷീന ബോറയെപ്പോലുള്ള ഒരു സ്ത്രീയെ കണ്ടതായി സി.ബി.ഐ കോടതിയിലാണ് ഇന്ദ്രാണി മുഖര്‍ജി അവകാശപ്പെട്ടത്. ഇതെത്തുടര്‍ന്ന് ഈ യുവതി ആരാണെന്ന് കണ്ടെത്തുന്നതിന് വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിക്കാന്‍ നിര്‍ദേശിക്കണമെന്നും ഇന്ദ്രാണി കോടതിയോട് അഭ്യര്‍ത്ഥിച്ചു.

ഹര്‍ജി പരിഗണിച്ച പ്രത്യേക സി.ബി.ഐ ജഡ്ജി എസ്പി നായിക് നിംബാല്‍ക്കര്‍ ജനുവരി അഞ്ചിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാനും വീഡിയോയിലും ഫോട്ടോയിലും കാണുന്ന സ്ത്രീ ആരാണെന്ന് കണ്ടെത്താനും ഗുവാഹത്തി എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് നോട്ടീസ് അയച്ചു. കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത് വരെ വിമാനത്താവള അധികൃതര്‍ ഉത്തരവ് പാലിക്കണമെന്നും കോടതി പറഞ്ഞു.
2012 ഏപ്രിലില്‍ ഷീന ബോറയെ (24) ഇന്ദ്രാണി മുഖര്‍ജിയും അന്നത്തെ ഡ്രൈവര്‍ ശ്യാംവര്‍ റായിയും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
റായ്ഗഡ് ജില്ലയിലെ വനത്തില്‍ മൃതദേഹം കത്തിച്ചെന്നാണ് മൊഴി. 2015ല്‍ മറ്റൊരു കേസില്‍ റായി അറസ്റ്റിലായതോടെയാണ് ഈ കൊലപാതകം പുറത്തറിയുന്നത്.
