കോവിഡിന് വാക്സിന്‍ കണ്ടുപിടിച്ചതായി റഷ്യന്‍ സര്‍വ്വകലാശാല; ഗൗരവത്തിലെടുക്കാതെ ലോകത്തിലെ പ്രധാനപ്പെട്ട ആരോഗ്യ സംഘടനകള്‍; എന്താണ് സത്യം എന്നറിയാം

  • Post category:news
  • Reading time:2 mins read
You are currently viewing കോവിഡിന് വാക്സിന്‍ കണ്ടുപിടിച്ചതായി റഷ്യന്‍ സര്‍വ്വകലാശാല; ഗൗരവത്തിലെടുക്കാതെ ലോകത്തിലെ പ്രധാനപ്പെട്ട ആരോഗ്യ സംഘടനകള്‍; എന്താണ് സത്യം എന്നറിയാം

കോവിഡിന് വാക്സിന്‍ കണ്ടുപിടിച്ചതായി റഷ്യയിലെ സെഷനോവ് സര്‍വ്വകലാശാല പ്രഖ്യാപനം നടത്തിയത് ജൂലൈ 12നാണ്. സര്‍വ്വകലാശാലയുടെ പ്രഖ്യാപനം വന്നത് പക്ഷെ ലോകത്തിലെ പ്രധാനപ്പെട്ട ആരോഗ്യ സംഘടനകളൊന്നും അത്ര ഗൗരവത്തിലെടുത്തിട്ടില്ല. വിദഗ്ധര്‍‌ ഈ വിഷയത്തില്‍ ചില സംശയങ്ങള്‍ പുലര്‍ത്തുന്നുണ്ട്.

മനുഷ്യരിലെ ക്ലിനിക്കല്‍ ടെസ്റ്റ് വിജയകരമായി പൂര്‍ത്തീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ വാക്സിന്‍ എന്നാണ് സെഷനോവ് സര്‍വകലാശാലയുടെ അവകാശവാദം. വളണ്ടിയര്‍മാരില്‍ ഈ മരുന്നിന്‍റെ പരീക്ഷണം സര്‍വകലാശാല വിജയകരമായി പൂര്‍ത്തീകരിച്ചെന്നും ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിനെന്ന ബഹുമതി തങ്ങള്‍ക്കുള്ളതാണെന്നും സ്പുട്നിക് ന്യൂസിനോട് സര്‍വകലാശാലയുടെ ട്രാന്‍‌ലേഷനല്‍ മെഡിസിന്‍ ആന്‍ഡ് ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ വാദിം തരസോവ് പറഞ്ഞു.

എന്നാല്‍, ലോകാരോഗ്യ സംഘടന ഇത്തരമൊരു വാക്സിന്‍ നിര്‍മാണശ്രമം നടക്കുന്നതായി മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അത് ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നത് വിശ്വസിക്കുന്നില്ല. ലോകാരോഗ്യ സംഘടനയുടെ അറിവ് പ്രകാരം റഷ്യന്ഡ സര്‍വകലാശാല ഇപ്പോഴും വാക്സിന്‍ പരീക്ഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ മാത്രമാണ് നില്‍ക്കുന്നത്. ഇനിയും മൂന്നോ നാലോ ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഈ വാക്സിന്‍ മനുഷ്യോപയോഗത്തിന് പറ്റിയതാണോയെന്ന് പറയാന്‍ കഴിയൂ.

ഇത്ര പെട്ടെന്ന് എല്ലാ പരീക്ഷണങ്ങളും കഴിച്ച് വാക്സിന്‍ പുറത്തിറക്കുക അസാധ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ വാക്സിന്‍ വികസനപ്രവര്‍ത്തനങ്ങളുടെ ഏറ്റവും ഉയര്‍ന്ന ഘട്ടങ്ങളില്‍ എത്തി നില്‍ക്കുന്നത് രണ്ട് വാക്സിനുകള്‍ മാത്രമാണ്. ഒന്ന് ചൈനീസ് സ്ഥാപനമായ സിനോവാക് നിര്‍മിക്കുന്ന വാക്സിനാണ്. മറ്റൊന്ന് ഓക്സ്ഫോഡ് സര്‍‍വ്വകലാശാലയും ആസ്ട്രാസെനെകയും ചേര്‍ന്ന് നിര്‍മിക്കുന്ന വാക്സിനും. ഇവ മനുഷ്യരില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന്‍റെ ഏറ്റവും ഉയര്‍ന്ന ഘട്ടങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഇതാണ് ലോകാരോഗ്യ സംഘടനയുടെ പക്കലുള്ള വിവരം. റഷ്യയുടെ വാക്സിന്‍ വികസനപ്രവര്‍ത്തനം അതിന്റെ ഉയര്‍ന്ന ഘട്ടങ്ങളിലൊന്നാണ്. എന്നാല്‍ സെഷനോവ് സര്‍വകലാശാല പറയുന്നത് പ്രകാരം മനുഷ്യരില്‍ നടത്തേണ്ട പരീക്ഷണങ്ങളെല്ലാം വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്നാല്‍‌‍ ലോകാരോഗ്യ സംഘടന ഈ അവകാശവാദത്തെ തള്ളുന്നു. വെറും 40 പേരില്‍ മാത്രമാണ് മരുന്ന് പരീക്ഷിച്ചത്. ഇത് ആദ്യ ഘട്ടമാണ്. രണ്ടാംഘട്ടത്തിലേക്കാണ് ഇനി കടക്കേണ്ടത്. ഈ ഘട്ടത്തില്‍ കുറഞ്ഞത് 100 പേരിലെങ്കിലും വാക്സിന്‍ പരീക്ഷിക്കണം. ഇതെത്തുടര്‍ന്ന് മൂന്നും നാലും ഘട്ടങ്ങളിലേക്ക് കൂടുതല്‍ രോഗികളില്‍ പരീക്ഷണം നടത്തി മുമ്പോട്ട് പോകണം.

ഇവയ്ക്കെല്ലാമൊടുവിലാണ് ഈ മരുന്ന് സുരക്ഷിതമാണോ അല്ലയോ എന്നത് സംബന്ധിച്ച നിഗമനത്തില്‍ സര്‍വകലാശാലയ്ക്ക് എത്താന്‍ കഴിയുക. റിപ്പോര്‍ട്ടുകള്‍ പറയുന്നതു പ്രകാരം സര്‍വകലാശാല ഈ മരുന്നിന്‍റെ പരീക്ഷണം തുടങ്ങിയത് ജൂണ്‍ 18ന് മാത്രമാണ്. എല്ലാ ട്രയലുകളും ഒരു മാസമെത്തുന്നതിനു മുമ്പ് പൂര്‍ത്തിയായെന്ന വാദം പരിഹാസ്യമാണ്. റഷ്യയില്‍ പ്രസിഡണ്ട് വ്ലാദ്മിര്‍ പുടിന്‍ തന്‍റെ രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുഎസ്സിനെക്കാള്‍ മെച്ചപ്പെട്ടതാണെന്ന വാദവുമായി നേരത്തെ രംഗത്തു വന്നിരുന്നു. ഇത്തരം ധൃതികളാകാം സെഷനോവ് സര്‍വകലാശാലയെ പാതിവെന്ത അവസ്ഥയില്‍ കിടക്കുന്ന വാക്സിനെ നേട്ടമായി ആഘോഷിക്കാന്‍ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.

0Shares