
ദില്ലി: പശ്ചിമേഷ്യയിൽ ഉടലെടുത്ത യുദ്ധം ഇന്ത്യൻ മഹാ സമുദ്രത്തിലേക്കും നീങ്ങുകയാണ്. കഴിഞ്ഞ ദിവസം ഇറാൻ യുദ്ധകപ്പൽ ശ്രീലങ്കൻ കടലിടുക്കിൽ അമേരിക്ക തകർത്തതിന് പിന്നാലെ രണ്ടാം യുദ്ധകപ്പലും അപായ സൂചന നൽകിയതായി ശ്രീലങ്കൻ നാവിക സേന അറിയിച്ചു. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് വിശാഖ പട്ടണത്ത് സംയുക്ത നാവിക അഭ്യാസത്തിൽ പങ്കടുത്ത് മടങ്ങുംപ്പോഴാണ് ഇറാൻ യുദ്ധക്കപ്പലിന് നേരെ അമേരിക്ക ആക്രമണം നടത്തിയത്. ആക്രമണത്തിൽ നൂറോളം ആളുകൾ കൊല്ലപ്പെട്ടു. ശ്രീലങ്കൻ സൈന്യം 32 പേരെ രക്ഷപെടുത്തി എങ്കിലും മറ്റുള്ളവരെ കടലിൽ കാണാതായി. പിന്നീട് മൃതദേഹമാണ് ലഭിച്ചത്. സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. 180 പേരിൽ ഇനിയും കാണാതായവരെ കണ്ടത്താനുണ്ട് എന്നാണ് രക്ഷ പ്രവർത്തകർ അറിയിച്ചത്. അതേസമയം രണ്ടാമത് മറ്റൊരു കപ്പൽ കൂടി ശ്രീലങ്കൻ നാവികരോട് സഹായം തേടിയതായാണ് വിവരം. ശ്രീലങ്കൻ തുറമുഖത്ത് കപ്പൽ അടുപ്പിക്കാനുള്ള അനുമതിയാണ് തേടിയത്. സഹായം തേടിയ ഇറാൻ്റെ രണ്ടാമത്തെ യുദ്ധക്കപ്പൽ ശ്രീലങ്കൻ സമുദ്ര അതിർത്തിയിലേക്ക് നീങ്ങിയതായി ശ്രീലങ്ക വ്യക്തമാക്കി. കപ്പലിന് ആക്രമണ ഭീഷണി നേരിടുന്നുണ്ടെന്നും ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം യുദ്ധക്കപ്പലിലും നാവികർ അടക്കം നൂറിലധികം ആളുകൾ ഉണ്ടെന്നാണ് വിവരം. യുദ്ധ കപ്പലാണെങ്കിലും ഈ കപ്പലുകൾ യുദ്ധത്തിനുള്ള തയ്യാറെടുപ്പിൽ അല്ലായിരുന്നു. സൈനിക അഭ്യസം കഴിഞ്ഞ് ഇന്ത്യയിൽ നിന്നും മടങ്ങുന്നവയാണ്. അതിനാൽ തന്നെ നാവികർക്ക് പുറമെ മറ്റു ഉദ്യോഗസ്ഥരും അതിഥികളും കപ്പലിൽ ഉണ്ട് എന്നാണ് അറിയാനായത്. കഴിഞ്ഞ ദിവസം ആക്രമത്തിന് ഇരയായ കപ്പലിലും സൈനികർ അല്ലാത്തവരും ഉണ്ടായിരുന്നു. ആയതിനാൽ കപ്പലിൽ ഉള്ളവരുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികളെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ശ്രീലങ്ക അറിയിക്കുന്നു.
