മുസ്‌ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചത് അനവസരത്തിൽ; ഇ.പി. ജയരാജന് സി.പി.എം സെക്രട്ടേറിയേറ്റിൽ വിമർശനം

  • Post category:news
  • Reading time:1 min read
You are currently viewing മുസ്‌ലിം  ലീഗിനെ ഇടതുമുന്നണിയിലേക്ക്  ക്ഷണിച്ചത് അനവസരത്തിൽ; ഇ.പി. ജയരാജന് സി.പി.എം സെക്രട്ടേറിയേറ്റിൽ വിമർശനം

മുസ്‌ലിം ലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ച എൽ.ഡി.എഫ് കൺവീനർ ഇ. പി ജയരാജന് സി.പി.എം സെക്രട്ടേറിയറ്റിൽ വിമർശനം. പ്രസ്താവന അനവസരത്തിലെന്ന് സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. ലീഗിനെ ചേർത്ത് ഇടതുമുന്നണി വിപുലീകരിക്കേണ്ട രാഷ്ട്രീയ സാഹചര്യം ഇപ്പോഴില്ലെന്നും കൺവീനർ എന്ന നിലയിൽ പ്രസ്താവനകൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു.

ഇ.പി.ജയരാജൻ്റെ പ്രസ്താവന അണികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും മുന്നണി വിപുലീകരണമല്ല എൽ.ഡി.എഫിൻ്റെ അടിയന്തര ലക്ഷ്യമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ലീഗിനെ കൊണ്ടുവന്ന് മുന്നണി വിപുലീകരിക്കണ്ട ആവശ്യം ഇപ്പോഴില്ലെന്നാണ് എൽ.ഡി.എഫ് നേതാക്കളുടെ മുഴുവൻ അഭിപ്രായം. ജയരാജൻ കൺവീനറായതിന് ശേഷം ഇടതുമുന്നണി യോഗം പോലും ഇതുവരെ നടന്നിട്ടില്ലെന്നിരിക്കെ പിന്നെങ്ങനെയാണ് ഇങ്ങനെ പറയാനാവുക എന്നാണ് നേതാക്കന്മാർ ചോദിക്കുന്നത്.

ഇടതുമുന്നണി കൺവീനറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് എൽ.ഡി.എഫ് മുന്നണിയിലേക്ക് ലീഗിനെ ജയരാജൻ സ്വാഗതം ചെയ്തത്. പിന്നീട് രണ്ടു ദിവസം അദ്ദേഹം ഇതേ കാര്യം ആവർത്തിച്ചു. പ്രസ്താവന വിവാദമായതോടെ ജയരാജൻ തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ തിരുത്തുമായെത്തി. ലീഗിനെ മുന്നണിയിലേക്ക് താൻ ക്ഷണിച്ചിട്ടില്ലെന്നും ലീഗില്ലാതെയാണ് ഇടതുമുന്നണി തുടർഭരണം പിടിച്ചത് എന്നും അദ്ദേഹം കുറിച്ചു.

0Shares