
കോവിഡ് വൈറസ് ഉത്ഭവം അന്വേഷിച്ച് വുഹാനിലെ മാർക്കറ്റും ലാബും സന്ദർശിച്ച ലോകാരോഗ്യ സംഘടനയുടെ സംഘത്തിലെ വിദഗ്ദ്ധൻ ഉത്ഭവത്തെ കുറിച്ച് കൂടുതൽ കണ്ടെത്താൻ വവ്വാൽ ഗുഹകളിൽ കൂടുതൽ പഠനം നടത്തണമെന്ന് അറിയിച്ചു.

വൈറസിന്‍റെ ജനറ്റിക് എലിമെന്റുകൾ ഈ ഗുഹകളിൽ നിന്ന് ലഭിക്കുമോ എന്ന് അറിയാനാണ് പഠനം. വൈറസ്ഉണ്ടാകാൻ സാധ്യതയുള്ള മൃഗങ്ങളുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിന് വൈറസ് എവിടെ നിന്ന് അല്ലെങ്കിൽ ഏത് മൃഗത്തിൽ നിന്ന് ഉണ്ടായെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് സുവോളജിസ്റ്റും മൃഗരോഗ വിദഗ്ധനുമായ പീറ്റർ ദാസ്സക് പറഞ്ഞു.
കോവിഡ് 19 രോഗികളെ ആദ്യമായി പരിശോധിച്ച ജിനിന്റാൻ ആശുപത്രിയിലും സംഘം സന്ദർശനം നടത്തിയിരുന്നു. കോവിഡ് മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ലോകത്തിലെ ഏറ്റവും അപകടകരമായ രോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് പ്രാധാന്യം നൽകിയിരുന്നു.
