
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയൻ്റെ കമ്പനിയായ എക്‌സാ ലോജിക്കിന് എതിരെയുള്ള കേന്ദ്ര സർക്കാരിൻ്റെ അന്വേഷണത്തിൽ പ്രതികരിക്കാതെ മന്ത്രി പി.എ മുഹമ്മദ് റിയാസ്. അന്വേഷണവുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ റിയാസ് ഒഴിഞ്ഞുമാറി.
കേന്ദ്ര അന്വേഷണം അറിഞ്ഞിട്ടില്ലെന്നായിരുന്നു എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ്റെ പ്രതികരണം. എക്‌സാ ലോജികിനെതിരായ അന്വേഷണം അറിയില്ല. നോക്കിയിട്ട് പറയാമെന്നും ഇ.പി പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ്റെ കമ്പനിക്ക് എതിരേയാണ് കേന്ദ്ര അന്വേഷണം.

വീണാ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്‌സാ ലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കമ്പനിക്കെതിരെ ലഭിച്ച പരാതിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. സി.എം.ആർ.എൽ, കെ.എസ്.ഐ.ഡി.സിയും അന്വേഷണ പരിധിയിൽ ഉണ്ട്.
മാസപ്പടി വിവാദത്തിന് പിന്നാലെയാണ് വീണ്ടും എക്‌സാ ലോജിക്കിനെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് രജിസ്ട്രാർ ഓഫ് കമ്പനീസ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
