
ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.എ റഹീം എം.പി. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച റഹീമിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഡല്‍ഹി പൊലീസ് തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് വിട്ടയച്ചത്.

‘പത്ത് മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ചശേഷം പ്രതിയല്ലെന്ന് പറഞ്ഞു. ഞങ്ങളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാകില്ല. ഇടത് സംഘടനകള്‍ പ്രക്ഷോഭം സംഘടിപ്പിക്കും. എം.പി എന്ന നിലയിലുള്ള തൻ്റെ അവകാശങ്ങള്‍ ലംഘിച്ചു. ഡല്‍ഹി പൊലീസിനെതിരെ രാജ്യസഭാദ്ധ്യക്ഷന് പരാതി നല്‍കും’ – എ.എ റഹീം എം.പി പറഞ്ഞു.
റഹീമിനെതിരായ പൊലീസ് കയ്യേറ്റത്തിനെതിരെ സി.പി.എം എം.പിമാര്‍ രാജ്യസഭാ അദ്ധ്യക്ഷന് പരാതി നല്‍കിയിട്ടുണ്ട്. അഗ്നിപഥ് പദ്ധതിക്കെതിരെ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും ജന്തര്‍മന്ദിറില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

സംഘടനകളുടെ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് ഉന്തും തള്ളുമുണ്ടായത്. റഹീം എം.പി അടക്കമുള്ള നേതാക്കളെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയത്.
റഹീമിനെയും വനിതാ പ്രവര്‍ത്തകരെയും തൂക്കിയെടുത്താണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്. നടന്നത് ഗുണ്ടായിസമാണെന്നും എം.പിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് മര്‍ദിച്ചതെന്നും റഹീം പൊലീസ് വാഹനത്തില്‍ നിന്ന് പ്രതികരിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും കൈയേറ്റമുണ്ടായി.
