
ബെംഗളൂരുവിൽ കള്ളപ്പണം വെളുപ്പിക്കുന്ന അന്തർ സംസ്ഥാന സംഘത്തിലെ നാലു മലയാളികൾ അറസ്റ്റിൽ. കണക്കിൽപെടാത്ത പണം നിക്ഷേപിക്കാൻ എ.ടി.എമ്മിൽ വടിവാളുമായി എത്തിയ ആളെ നാട്ടുകാർ പിടികൂടിയതോടെയാണ് സംഘത്തെക്കുറിച്ച് പുട്ടനെഹള്ളി പൊലീസിന് വിവരം ലഭിച്ചത്.

പിന്നാലെ നടത്തിയ അന്വേഷണത്തിൽ സംഘത്തിലെ മൂന്നുപേരെ കൂടി പിടികൂടി. ജെ.പി നഗറിൽ താമസിക്കുന്ന മുഹമ്മദ് സാഹിൽ, ഫൈസൽ, ഫസൽ, അബ്ദുൽ മനാസ് എന്നിവരാണ് അറസ്റ്റിലായത്. താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത 20.15 ലക്ഷം രൂപയും വിവിധ ബാങ്കുകളിൽ പണം നിക്ഷേപിച്ചതിൻ്റെ 2,656 സ്ലിപ്പുകളും നോട്ടെണ്ണൽ ഉപകരണവും കണ്ടെടുത്തു. കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ സംഘത്തിൻ്റെ ഭാഗമാണിവരെന്ന് ഡി.സി.പി ഹരിഷ് പാണ്ഡെ പറഞ്ഞു.
185 അക്കൗണ്ടുകളിലായി 31.5 കോടി നിക്ഷേപിച്ചെന്നും 2,656 അക്കൗണ്ടുകളുടെ വിവരം ലഭിച്ചതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജരഗനഹള്ളിയിലെ എ.ടി.എമ്മിൽ പണം നിക്ഷേപിക്കാനെത്തിയ മുഹമ്മദ് സാഹിൽ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. ഇതിനിടെ എ.ടി.എമ്മിലെത്തിയ ബിസിനസുകാരനായ ടി.എസ് വെങ്കടേഷ് കാര്യം തിരക്കി. ഇതിനിടെ സാഹിലിൻ്റെ കൈവശം വടിവാൾ കണ്ടു.
ഇതോടെ വെങ്കിടേഷ് നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാർക്കുനേരെ വടിവാൾ വീശി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലു ഫലം കണ്ടില്ല. തുടർന്ന് പൊലീസെത്തി പിടികൂടി. പിന്നാലെ ഇയാൾ നൽകിയ വിവരങ്ങളുെട അടിസ്ഥാനത്തിൽ മറ്റു പ്രതികളെ പിടികൂടി.
