50 വർഷത്തിനിടെ കൊല്ലപ്പെട്ട 22 അജ്ഞാത സ്ത്രീകളെ തിരിച്ചറിയാനുള്ള കാമ്പെയിന് തുടക്കമിട്ട് ഇന്റര്‍പോള്‍

  • Post category:international / news
  • Reading time:1 min read
You are currently viewing 50 വർഷത്തിനിടെ കൊല്ലപ്പെട്ട 22 അജ്ഞാത സ്ത്രീകളെ തിരിച്ചറിയാനുള്ള കാമ്പെയിന് തുടക്കമിട്ട് ഇന്റര്‍പോള്‍

കൊല്ലപ്പെട്ട 22 അജ്ഞാത സ്ത്രീകളെ തിരിച്ചറിയാനുള്ള കാമ്പെയിന് തുടക്കമിട്ട് ഇന്റര്‍പോള്‍. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ബെല്‍ജിയം, ജര്‍മ്മനി, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളിലായി കൊല്ലപ്പെട്ടസ്ത്രീകളെ തിരിച്ചറിയാനുള്ള കാമ്പെയിനാണിത്.

ഇന്റര്‍പോളിൻ്റെ വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീകളെ തിരിച്ചറിയാന്‍ ഇവരുടെ മൃതദേഹങ്ങളില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ചില തെളിവുകളും അധികൃതര്‍ പുറത്തുവിട്ടുണ്ട്. പ്രിന്റഡ് ടി – ഷര്‍ട്ട്, സില്‍വര്‍ ബ്രേസ്ലെറ്റ്, റോസാപ്പൂവിന്റെ ടാറ്റു തുടങ്ങി മൃതദേഹങ്ങളില്‍ കണ്ടെത്തിയ തിരിച്ചറിയല്‍ രേഖകളുടെ ചിത്രങ്ങള്‍ ഇന്റര്‍പോള്‍ പങ്കുവച്ചു.

1976ല്‍ നെതര്‍ലന്‍ഡ്‌സിലെ എ12 മോട്ടോര്‍വേയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹമാണ് കൂട്ടത്തില്‍ ഏറ്റവും പഴയത്. 2019 ഓഗസ്റ്റില്‍ ബെല്‍ജിയത്തിലെ ഒരു പാര്‍ക്കില്‍ കണ്ടെത്തിയതാണ് ഏറ്റവും ഒടുവിലത്തേത്. അതത് രാജ്യങ്ങളിലെ പൊലീസിന് ഈ കേസുകള്‍ അന്വേഷിച്ച് ഒരു തുമ്പും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് പൊതുജനങ്ങളുടെ സഹായം തേടാന്‍ ഇന്റര്‍പോള്‍ തീരുമാനിച്ചത്.

കൊല്ലപ്പെട്ട 22 സ്ത്രീകളുടെയും ഫേഷ്യല്‍ റീകണ്‍സ്ട്രക്ഷന്‍ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഓരോ മൃതദേഹങ്ങളും എന്ന്, എവിടെ, എപ്പോള്‍ കണ്ടെത്തിയെന്നും മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രം, ആഭരണം എന്നിവയെ പറ്റിയുമുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. 22 കൊലപാതകങ്ങളും പരസ്പരം ബന്ധമുള്ളതല്ലെങ്കിലും ഒരേ സ്വഭാവമുള്ളവയാണ്.

കൊല്ലപ്പെട്ട സ്ത്രീകളില്‍ ചിലര്‍ കിഴക്കന്‍ യൂറോപ്യന്‍ മേഖലകളില്‍ നിന്നുള്ളവരാണോ എന്നും സംശയിക്കുന്നുണ്ട്. ഈ സ്ത്രീകളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ലോകത്തിൻ്റെ ഏതെങ്കിലും കോണിലിരുന്ന് ഒരുപക്ഷേ, ഇവരെ തിരിച്ചറിഞ്ഞേക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.1991ല്‍ ബെല്‍ജിയത്തില്‍ ബ്രസല്‍സില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ല്യൂവെന്‍സെബാനില്‍ ഒരു മഴവെള്ള സംഭരണിയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹവും ഇക്കൂട്ടത്തിലുണ്ട്.

ഈ മൃതദേഹം ഏകദേശം 2 വര്‍ഷം മഴവെള്ള സംഭരണിയില്‍ ആരുമറിയാതെ കിടന്നതായി ഇന്റര്‍പോള്‍ പറയുന്നു. ഓരോ മൃതദേഹങ്ങള്‍ക്ക് പിന്നിലും നിഗൂഢമായ ഓരോ കഥകളുണ്ടെന്നും അവയുടെ ചുരുള്‍ നിവര്‍ത്താനുള്ള ശ്രമങ്ങളിലാണെന്നും ഇന്റര്‍പോള്‍ വ്യക്തമാക്കി.

0Shares