
കേരളത്തിൽ നിന്നും കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ നടത്തുന്ന കർണ്ണാടകയുമായി കൂടുതൽ മെച്ചപ്പെട്ട സർവ്വീസുകൾ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ചർച്ചയ്ക്ക് വേണ്ടി ഗതാഗത സെക്രട്ടറിയും, കെ.എസ്.ആർ.ടി.സി സി.എം.ഡിയുമായ ബിജുപ്രഭാകർ ഐ.എ.എസ് കർണ്ണാടക ആർ.ടി.സി സി.എം.ഡി ശിവയോഗി സി കലസദ് ഐ.എ.എസുമായി കൂടിക്കാഴ്ച നടത്തി.
സുൽത്താൻ ബത്തേരി വഴിയുള്ള സർവ്വീസുകൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഉദ്യോഗസ്ഥ തല ചർച്ച നടത്തിയ ശേഷം മന്ത്രി തല ചർച്ച നടത്തുന്നതിന് വേണ്ടിയുള്ള സാഹചര്യം ഒരുക്കണമെന്ന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നൽകിയ നിർദ്ദേശത്തെ തുടർന്നാണ് സി.എം.ഡി ബിജുപ്രഭാകറിൻ്റെ നേതൃത്തിൽ ബാഗ്ലൂരിലെത്തി സി.എം.ഡി തലത്തിലുള്ള ചർച്ച നടത്തിയത്. ഈ ചർച്ചയ്ക്ക് ശേഷം മന്ത്രിതലത്തിലുള്ള ചർച്ച നടത്തി തീരുമാനം കൈക്കൊളളും.

കർണ്ണാടക ആർ.ടി.സി ആസ്ഥാനത്ത് വെച്ച് നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിൽ നിന്നും കർണ്ണാടയിലേക്കുള്ള അന്തർ സംസ്ഥാന യാത്ര കുറച്ചു കൂടെ മെച്ചപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്തു. നിലവിൽ സുൽത്താൻ ബത്തേരി വഴി ബാഗ്ലൂരിലേക്കുള്ള ഏറ്റവും ദൈർഘ്യം കുറഞ്ഞ റൂട്ടിൽ കൂടുതൽ സർവ്വീസുകൾ കർണ്ണാടക ആർ.ടി.സിയുമായി ചേർന്ന് നടപ്പിലാക്കും. നിലവിൽ ഇത് വഴി കെ.എസ്.ആർ.ടി.സിക്ക് രണ്ട് സർവ്വീസ് മാത്രമേയുള്ളൂ. കർണ്ണാടകയുമായി യോജിച്ച് കൂടുതൽ വാഹനങ്ങൾ ഇത് വഴി സർവ്വീസ് നടത്തുന്ന കാര്യവും ചർച്ച ചെയ്തു.
ഹൈദ്രബാദ്, ഗോവ എന്നിവടങ്ങളിലേക്ക് കർണ്ണാടക ആർ.ടി.സി ബംഗുളുരുവിൽ നിന്നും സർവ്വീസുകൾ നടത്തുന്നുണ്ട്. കേരളത്തിൽ നിന്നും ബാഗ്ലൂർ വരെയുള്ള സർവ്വീസിലെ യാത്രക്കാരെ ഈ റൂട്ടുകളിലേക്ക് കണക്ട് ചെയ്ത് ടൈ അപ്പ് സർവ്വീസ് നടത്തും. ഇത് കൂടാതെ ടൂറിസം രംഗത്ത് കേരളത്തിലേക്കുള്ള പാക്കേജ് കർണ്ണാടകയുമായി ചർച്ച ചെയ്തു.
കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിലേക്കും ഹംബി, തിരുപ്പതി അടക്കമുള്ള സ്ഥലങ്ങളിലേക്കും ഇരു സംസ്ഥാനങ്ങളും യോജിച്ച് കൊണ്ട് സർവ്വീസുകൾ നടത്താനായി പ്രത്യേക പാക്കേജ് കൊണ്ട് വരാനും, ബഡ്ജറ്റ് ടൂറിസം നടപ്പിലാക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു. മേൽപ്പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥ തലത്തിൽ സന്ദർശനം നടത്തി കൂടുതൽ നടപടികൾ കൈകൊള്ളുമെന്ന് ബിജുപ്രഭാകർ അറിയിച്ചു.
